പ്രീ സ്‌കൂള്‍ ക്ലാസ്സുകള്‍ ഉടന്‍ തുടങ്ങണം, വാക്‌സിനേഷനായി കാത്തിരിക്കേണ്ട ; കേന്ദ്രസര്‍ക്കാരിനോട് പൊതുജനാരോഗ്യ വിദഗ്ധരുടെ സംഘടന 

സ്‌കൂളുകള്‍ അനന്തമായി അടച്ചിടുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്തെ സ്‌കൂളുകള്‍ തുറക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ധരുടെ സംഘടന ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് വരെ വിദ്യാലയങ്ങള്‍ തുറക്കാന്‍ കാത്തിരിക്കേണ്ട. കൊച്ചു കുട്ടികള്‍ക്കുള്ള പ്രീ സ്‌കൂള്‍ ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കണമെന്നും അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ ആവശ്യപ്പെട്ടു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം, ഐസിഎംആര്‍, നീതി ആയോഗ്, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് എന്നിവക്ക് സംഘടന നിവേദനം നല്‍കി. ഡല്‍ഹി അടക്കം പല സംസ്ഥാനങ്ങളും മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു യുക്തിയുമില്ല. 

നിലവിലെ തെളിവുകളെല്ലാം കാണിക്കുന്നത്, രോഗം ബാധിച്ചാല്‍ തന്നെ ചെറിയ കുട്ടികള്‍ക്കാണ് ഏറ്റവും കുറവ് അപകടസാധ്യതയുള്ളതെന്നാണ്. അതുകൊണ്ടു തന്നെ പ്രീ സ്‌കൂളുകളും പ്രൈമറി സ്‌കൂളുകളും തുറക്കുകയാണ് വേണ്ടതെന്ന് അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ പ്രസിഡന്റ് ഡോ. സുനീല ഗാര്‍ഗ് പറഞ്ഞു. 

കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് സംബന്ധിച്ച് രണ്ട് ആശങ്കകളാണ് നിലനില്‍ക്കുന്നത്. ഒന്ന് കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുമോയെന്നത്. മറ്റൊന്ന് കുട്ടികള്‍ വഴി വീട്ടിലെ മറ്റുള്ളവര്‍ക്കെല്ലാം കോവിഡ് ബാധയുണ്ടാകുമോ എന്ന ഭയവും. എന്നാല്‍ രാജ്യത്തെ സംസ്ഥാനങ്ങളില്‍ നടത്തിയ നാലാമത് ദേശീയ സിറോ സര്‍വേഫലം വ്യക്തമാക്കുന്നത്, പ്രായപൂര്‍ത്തിയായവരുടെ എണ്ണത്തിന് ഒപ്പമോ അതിലേറെയോ കുട്ടികള്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്നാണ്. 

എന്നാല്‍ കുട്ടികള്‍ക്ക് മിക്കവര്‍ക്കും രോഗലക്ഷണം പോലും ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായില്ലെന്നും ഡോ. സുനീല ഗാര്‍ഗ് പറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് കുട്ടികള്‍ വൈറസ് ബാധിച്ചാലും സുരക്ഷിതരാണെന്നും, അപകടസാധ്യതയില്ലെന്നുമാണ്. സ്‌കൂളുകള്‍ തുറന്നാല്‍ കുട്ടികള്‍ വഴി, വീട്ടിലെ മറ്റുള്ളവരെല്ലാം രോഗബാധിതരാകുമെന്ന ഭീതി അസ്ഥാനത്താണെന്നും സമിതി പറയുന്നു. 

കോവിഡ് വ്യാപനം സ്‌കൂളുകള്‍ തുറന്നതു മൂലമാണെന്ന് ഒരു രാജ്യത്തും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം സ്‌കൂളുകള്‍ അനന്തമായി അടച്ചിടുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതായി ഐഎപിഎസ്എം സംഘടന നേതാവും പൊതുജനാരോഗ്യ വിദഗ്ധനുമായ ചന്ദ്രകാന്ത് ലഹാരിയ പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും ലാപ്‌ടോപ്പോ മൊബൈലോ ലഭ്യമല്ല. എന്നുമാത്രമല്ല ഓണ്‍ലൈന്‍ പഠനം ദീര്‍ഘകാലത്തേക്ക് ശാശ്വതമല്ലെന്നും ലഹാരിയ പറഞ്ഞു.

കോവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളില്‍, വ്യാപനം രൂക്ഷമാകാതിരിക്കാന്‍ പ്രാദേശികമായ അടച്ചു പൂട്ടല്‍ മാത്രം മതി.  അതുപോലെ തന്നെ സ്‌കൂളുകള്‍ തുറന്നാല്‍ വേണ്ടത്ര വായുസഞ്ചാരം ക്ലാസ്സ് മുറികളില്‍ ഉറപ്പാക്കണം. എല്ലാ കുട്ടികളും ഒത്തുചേരുന്ന സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കണം, കുട്ടികള്‍ക്ക് ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം, പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളും വിദ്യാലയങ്ങളും തമ്മില്‍ പരസ്പരം ബന്ധം പുലര്‍ത്തണമെന്നും സംഘടന നിര്‍ദേശിക്കുന്നു. 

കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് അത്യന്താപേക്ഷിതമായ ഒന്നല്ലെന്നും സംഘടന പറയുന്നു. കുട്ടികള്‍ക്ക് വാക്‌സിന്‍ അത്യന്താപേക്ഷിതമാണെന്നതിന് തെളിവുകളില്ല. 175 ലേറെ രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു. ഒരു രാജ്യവും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടില്ല. കോവിഡ് രോഗബാധ കുട്ടികള്‍ക്ക് അപകടകരമാകാനുള്ള സാധ്യത വളരെ വിരളമാണെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com