രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പതിച്ച ബാഗുമായി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് അറപ്പുളവാക്കുന്ന കാഴ്ച : വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2021 02:34 PM  |  

Last Updated: 08th September 2021 02:34 PM  |   A+A-   |  

bag

ജയലളിതയുടേയും എടപ്പാടിയുടേയും ചിത്രം പതിച്ച ബാ​ഗ് / ട്വിറ്റർ ചിത്രം

 


ചെന്നൈ : വോട്ടവകാശം പോലുമില്ലാത്ത കുട്ടികള്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പതിച്ച ബാഗുമായി സ്‌കൂളില്‍ പോകുന്നത് അറപ്പുളവാക്കുന്ന കാഴ്ചയെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ചിത്രമാണെങ്കിലും ഇത് അനുവദിക്കാനാവില്ല. ഭാവിയില്‍ ഇത്തരം നടപടികള്‍ തുടരില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ പണം ഉപയോഗിച്ച് തയാറാക്കിയ, മുന്‍ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളുള്ള ബാഗുകളും പുസ്തകങ്ങളും പാഴാക്കി കളയരുതെന്ന് സംസ്ഥാനത്തിനു നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തീര്‍പ്പാക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സ്‌കൂള്‍ കുട്ടികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ജയലളിതയുടെ ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ തീരുമാനിച്ചിരുന്നു.

അണ്ണാ ഡിഎംകെ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എടപ്പാടി പളനിസാമിയുടെയും ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടെന്നും ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു. ഏകദേശം 13 കോടി രൂപയാണ് ഇതുപ്രകാരം കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാനാകുക. ജയലളിതയുടേയും എടപ്പാടി പളനിസാമിയുടേയും ചിത്രം പതിച്ച 65 ലക്ഷത്തോളം സ്‌കൂള്‍ ബാഗുകളാണ് കഴിഞ്ഞ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തത്.