നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം : കാര്‍ തിരിച്ചറിഞ്ഞു ; ദുരൂഹത നീക്കാന്‍ ഓട്ടോ ഡ്രൈവറെ തേടി പൊലീസ്

65 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അര്‍ധനഗ്‌നയായ നിലയിലായിരുന്നു
സിസിടിവി ദൃശ്യത്തില്‍ നിന്ന്
സിസിടിവി ദൃശ്യത്തില്‍ നിന്ന്

കോയമ്പത്തൂര്‍ : കോയമ്പത്തൂരിന് സമീപം അവിനാശി റോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. തിരുവള്ളൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിതെന്ന് പൊലീസ് സൂചിപ്പിച്ചു. വാഹന ഉടമയെ കണ്ടെത്താന്‍ പൊലീസ് ശ്രമം ഊര്‍ജ്ജിതമാക്കി. അതേസമയം  മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 

ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കും ആറിനുമിടയിലാണ് സംഭവം. ഓടുന്ന എസ് യു വി കാറില്‍ നിന്നും സ്ത്രീയുടെ മൃതദേഹം വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 65 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അര്‍ധനഗ്‌നയായ നിലയിലായിരുന്നു. 

വാഹനങ്ങള്‍ കയറിയിറങ്ങി മുഖവും ശരീരത്തിന്റെ പല ഭാഗങ്ങളും തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു. ഒരു കാര്‍ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നു ലഭിച്ചു. കാറില്‍നിന്ന് 2 പേര്‍ ഇറങ്ങുന്നതും സമീപത്തു ചെന്നു നോക്കിയശേഷം വീണ്ടും കാറില്‍ കയറി പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

വാഹനം എയര്‍പോര്‍ട്ട് റോഡിലൂടെ പോയതായും പൊലീസ് സൂചിപ്പിക്കുന്നു. സ്ത്രീയെ കാറില്‍നിന്നു തള്ളിയിട്ടതോ റോഡിലൂടെ നടന്നുപോയ സ്ത്രീ കാറിടിച്ചു വീണ ശേഷം മറ്റു വാഹനങ്ങള്‍ കയറിയിറങ്ങിയതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നും സ്ത്രീയുടേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. 

ഇതാണ് അപകടമരണമാകാമെന്ന നിഗമനത്തിന് അടിസ്ഥാനം. കൊലപാതകം ആണെങ്കില്‍ ഇത്തരം തെളിവുകള്‍ നശിപ്പിക്കുകയാകും ചെയ്യുകയെന്നും പൊലീസ് അുനമാനിക്കുന്നു. പോസ്റ്റ് മോര്‍ട്ടം, പോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു. കാറിന് തൊട്ടുപിന്നാലെ ഒരു ഓട്ടോറിക്ഷ കടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നും പൊലീസ് കണക്കുകൂട്ടുന്നു. ഇയാള്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com