അകാരണമായി ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കണം; സുപ്രീംകോടതി

ട്രെയിന്‍ വൈകിയതിന് കാരണം വ്യക്തമാക്കാന്‍ സാധിക്കാത്തപ്പോള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വെയ്ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ട്രെയിന്‍ വൈകിയതിന് കാരണം വ്യക്തമാക്കാന്‍ സാധിക്കാത്തപ്പോള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വെയ്ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് അനുകൂലമായി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നല്‍കിയ ഉത്തരവ് ചോദ്യം ചെയ്ത് ഉത്തര റെയില്‍വേ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

യാത്രച്ചെലവും പരാതിക്കാര്‍ക്കുണ്ടായ മനോവിഷമവും കണക്കിലെടുത്ത് മൊത്തം 30,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ഉത്തരവ് കോടതി ശരിവച്ചു.

ഇത് മത്സരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും കാലമാണ്. യാത്രക്കാര്‍ അധികൃതരുടെയോ ഭരണകൂടത്തിന്റെയോ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ടവരല്ല - ജസ്റ്റിസ്മാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

2016ല്‍ ജമ്മു ട്രെയിന്‍ നാല് മണിക്കൂര്‍ വൈകിയതിന് രാജസ്ഥാന്‍ സ്വദേശിയായ സഞ്ജയ് ശുക്ല എന്ന യാത്രക്കാരന് ജില്ലാ, സംസ്ഥാന, ദേശീയ ഉപഭോക്തൃ ഫോറങ്ങള്‍ നഷ്ടപരിഹാരം വിധിച്ചതിനെതിരെയാണ് റെയില്‍വെ സുപ്രീംകോടതിയെ സമീപിച്ചത്. 

സ്വകാര്യ മേഖലയുമായി മത്സരിക്കാനും പിടിച്ചുനില്‍ക്കാനും പൊതുഗതാഗത മേഖലയുടെ സംവിധാനവും പ്രവര്‍ത്തന സംസ്‌കാരവും മെച്ചപ്പെടുത്തണം. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരെങ്കിലും വേണം. ട്രെയിനുകള്‍ വൈകി ഓടുന്നത് ആവശ്യത്തിന് സര്‍വീസ് ഇല്ലാത്തതിന് തുല്യമാണ്. അതിനാല്‍ ട്രെയിന്‍ വൈകിയാല്‍ തങ്ങളുടെ പരിധിക്കപ്പുറത്തുള്ള കാരണത്താലാണെന്ന് റെയില്‍വെ തെളിയിക്കണം. കുറഞ്ഞപക്ഷം ട്രെയിന്‍ വൈകിയതിന് എന്തെങ്കിലും ന്യായീകരണം ഉണ്ടെന്നെങ്കിലും ബോദ്ധ്യപ്പെടുത്തണം. അതിന് കഴിഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വെ ബാദ്ധ്യസ്ഥമാണ്. ഓരോ യാത്രക്കാരന്റെയും സമയം വിലപ്പെട്ടതാണ്. അവര്‍ ചിലപ്പോള്‍ തുടര്‍ യാത്രയ്ക്ക് ബുക്ക് ചെയ്തവരാകാമെന്നും കോടതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com