ഭവാനിപൂരില്‍ 'ത്രികോണപ്പോര്' ; മമതക്കെതിരെ പ്രിയങ്ക ടിബ്രെവാള്‍ ബിജെപി സ്ഥാനാര്‍ത്ഥി

ഈ മാസം 30 നാണ് ഭവാനിപൂർ നിയമസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്
മമത ബാനര്‍ജി, പ്രിയങ്ക ടിബ്രെവാള്‍ / ട്വിറ്റര്‍ ചിത്രം
മമത ബാനര്‍ജി, പ്രിയങ്ക ടിബ്രെവാള്‍ / ട്വിറ്റര്‍ ചിത്രം

കല്‍ക്കത്ത : പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജനവിധി തേടുന്ന ഭവാനിപൂരില്‍ ത്രികോണപ്പോരിന് കളമൊരുങ്ങി. ബിജെപി കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് മല്‍സരചിത്രം തെളിഞ്ഞത്. യുവ അഭിഭാഷകയും, ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രിയങ്ക ടിബ്രെവാള്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥി. 

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിക്ക് വേണ്ടി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹാജരായിരുന്നത് പ്രിയങ്കയാണ്. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ ലീ​ഗൽ അഡ്വൈസറായിരുന്ന പ്രിയങ്ക ടിബ്രെവാള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി 2014 ലാണ് ബിജെപിയില്‍ ചേരുന്നത്. 

2015 ല്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മല്‍സരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിനോട് പരാജയപ്പെട്ടു. 2020 ഓഗസ്റ്റിലാണ് പ്രിയങ്ക ഭാരതീയ ജനത യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റാകുന്നത്. 

മമതക്കെതിരെ യുവനേതാവിനെ അണിനിരത്തി, തൃണമൂല്‍ ശക്തികേന്ദ്രമായ ഭവാനിപൂരില്‍ ഗ്ലാമര്‍ പോരാട്ടത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഭവാനിപൂരില്‍ മമതക്കെതിരെ മല്‍സരിക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. യുവ അഭിഭാഷകനായ ശ്രീജിബ് ബിശ്വാസാണ് സിപിഎം സ്ഥാനാര്‍ത്ഥി. 

നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത ബാനര്‍ജി പരാജയപ്പെട്ടിരുന്നു. നവംബറിനകം നിയമസഭയിലേക്ക് ജയിച്ചില്ലെങ്കില്‍ മമതയ്ക്ക് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വരും. ഇതോടെയാണ് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. 

മുമ്പ് രണ്ടു തവണ മമത ബാനര്‍ജി ഭവാനിപൂരില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ഈ മാസം 30 നാണ് ഭവാനിപൂരില്‍ വോട്ടെടുപ്പ് നടക്കുന്നത്. മമതക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന കോൺ​ഗ്രസ് തീരുമാനം, ഇടത്-കോൺ​ഗ്രസ് ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com