യോഗിയുടെ വികസന പരസ്യത്തില്‍ ബംഗാളിലെ മേല്‍പ്പാലവും; വിമര്‍ശനം

ഉത്തര്‍പ്രദേശിന്റെ വികസന പദ്ധതികളെക്കുറിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യത്തില്‍ പശ്ചിമ ബംഗാളിലെ മേല്‍പ്പാലവും
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം


ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ വികസന പദ്ധതികളെക്കുറിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യത്തില്‍ പശ്ചിമ ബംഗാളിലെ മേല്‍പ്പാലവും. സംഭവം വിവാദമായതിന് പിന്നാലെ, ഓണ്‍ലൈന്‍ എഡിഷനില്‍ നിന്ന് പരസ്യം പിന്‍വലിച്ചതായി ദിനപ്പത്രം അറിയിച്ചു. മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റിന് പറ്റിയ പിഴവാണ് തെറ്റായ ചിത്രം നല്‍കാന്‍ കാരണമെന്നാണ് പത്രത്തിന്റെ വിശദീകരണം. 

പരസ്യത്തിന് എതിരെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തിന്റെ വികസനത്തില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നായ യുപിയെ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. 

നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്സിയും കണ്ടതോടെയാണ് ചിത്രത്തില്‍ കാണുന്ന പാലം സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ നിര്‍മിച്ച മാ ഫ്ളൈ ഓവര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. 

ഉത്തര്‍പ്രദേശിലെ വികസനമെന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മോഷ്ടിക്കുന്നതാണെന്ന് തെളിഞ്ഞുവെന്ന് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു.


മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്ത് പാര്‍ട്ടിയെ രക്ഷിക്കാന്‍ മോദിക്ക് കഴിയുന്നില്ലെന്നാണ് ബിജെപിയില്‍ ചേര്‍ന്ന ശേഷം തൃണമൂലിലേക്ക് മടങ്ങിയ മുകുള്‍ റോയിയുടെ പരിഹാസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com