നീറ്റ് പരീക്ഷ ഇന്ന്; കോവിഡ് സത്യവാങ്മൂലം വേണം, ഡ്രസ്കോഡ് പാലിക്കണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2021 09:10 AM  |  

Last Updated: 12th September 2021 09:10 AM  |   A+A-   |  

neet

ഫയല്‍ ചിത്രം

കൊച്ചി: ദേശീയ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്-യു ജി പരീക്ഷ ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 16 ലക്ഷത്തോളം പേരാണ് 202 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷ എഴുതുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർകോട് നഗര കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. 

അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ കാർഡ് (ആധാർ/റേഷൻ കാർഡ്/വോട്ടർ ഐഡി/പാസ്പോർട്ട്/ഡ്രൈവിങ് ലൈസൻസ്/സർക്കാർ നൽകിയ മറ്റു തിരിച്ചറിയൽ രേഖ ഇവയിലൊന്ന്). മറ്റു തിരിച്ചറിയൽ രേഖ, അറ്റസ്റ്റ് ചെയ്ത ഫോട്ടോകോപ്പി എത്തിവ വിദ്യാർഥികൾ കയ്യിൽ കരുതണം. രക്ഷിതാവ് ഒപ്പിട്ട കോവിഡ് സംബന്ധിച്ച സത്യവാങ്മൂലവും കൈയിലുണ്ടാകണം. 

മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇൻസ്ട്രുമെന്റ്സ്, പെൻസിൽ/ജ്യോമെട്രി ബോക്സ്, ഹാൻഡ് ബാഗ്, വാലറ്റ്, ബ്രേസ്‌ലറ്റ്, ഭക്ഷണസാധനങ്ങൾ, കാൽക്കുലേറ്ററുള്ള ഇലക്ട്രോണിക് വാച്ച് തുടങ്ങിയൊന്നും പരീക്ഷാ ഹാളിൽ അനുവദിക്കില്ല. ഹാളിൽ കയറുന്നതിനു മുൻപ് എല്ലാവർക്കും നൽകുന്ന എൻ.95 മാസ്ക് മാത്രമേ ഉപയോഗിക്കാനാകൂ. 

ഡ്രസ്കോഡ് പാലിക്കണമെന്നും നിർദേശമുണ്ട്. അയഞ്ഞ വസ്ത്രങ്ങൾ, നീണ്ട കയ്യുളള ഉടുപ്പുകൾ, വലിയ ബട്ടൺ എന്നിവ അനുവദിക്കില്ല. ഷൂസ് ധരിക്കാൻ പാടില്ല. കനംകുറഞ്ഞ ചെരിപ്പിടാം. മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്നവർ‌ പരിശോധനയ്ക്കായി 11.15ന് എങ്കിലും പരീക്ഷാകേന്ദ്രത്തിലെത്തണം.