ആരാണ് ഭൂപേന്ദ്ര പട്ടേല്‍, ബിജെപിയുടെ കണക്കുകൂട്ടല്‍ ഇങ്ങനെ?

2017ലെ  നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് കോണ്‍ഗ്രസിന്റെ ശശികാന്ത് പട്ടേലിനെയാണ് ഭൂപേന്ദ്ര പരാജയപ്പെടുത്തിയത്. 
ഭൂപേന്ദ്ര പട്ടേല്‍
ഭൂപേന്ദ്ര പട്ടേല്‍

അഹമ്മദാബാദ്: അപ്രതീക്ഷിതമായി വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ആദ്യ തവണ എംഎല്‍എയായ ഭുപേന്ദ്രപട്ടേല്‍ ആ സ്ഥാനത്തേക്ക് എത്തുന്നത്. ചര്‍ച്ചയില്‍ ഒരിടത്തുപോലും ഉയര്‍ന്നുകേള്‍ക്കാതിരുന്ന പേരാണ് ഭുപേന്ദ്ര പട്ടേല്‍. എന്നാല്‍ അവസാനം ആ പേര് തെരഞ്ഞെടുത്തതില്‍ ബിജെപി ദേശീയ നേതൃത്വം ചില  കണക്കൂകൂട്ടലുകള്‍ ലക്ഷ്യം വെക്കുന്നുണ്ട്. ഇന്ന് ഗാന്ധിനഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് ഭൂപേന്ദ്രയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.


59കാരനായ ഭൂപേന്ദ്ര പട്ടേല്‍, കട്‌വ പട്ടീദാര്‍ സമുദായാംഗമാണ്. കൂടാതെ സര്‍ദാര്‍ ധാം, വിശ്വ ഉമിയ ഫൗണ്ടേഷന്‍ എന്നീ പട്ടീദാര്‍ സംഘടനകളുടെ ട്രസ്റ്റി കൂടിയാണ്. സ്വാധീനശക്തിയും നിര്‍ണായക രാഷ്ട്രീയശക്തിയുമുള്ളതാണ് പാട്ടീദാര്‍ സമുദായം. ബിജെപിക്ക് വീണ്ടും ഭരണത്തുടര്‍ച്ച സമ്മാനിക്കാന്‍ ഈ സമുദായത്തിന് വലിയ പങ്കുണ്ടാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

ഘട്‌ലോദിയ മണ്ഡലത്തെയാണ് ഭൂപേന്ദ്ര പട്ടേല്‍ പ്രതിനിധീകരിക്കുന്നത്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും ഘട്‌ലോദിയ മണ്ഡലത്തിലെ എംഎല്‍എയുമായിരുന്ന ആനന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനായിരുന്നു ഭൂപേന്ദ്ര പട്ടേല്‍. 2017ലെ  നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് കോണ്‍ഗ്രസിന്റെ ശശികാന്ത് പട്ടേലിനെയാണ് ഭൂപേന്ദ്ര പരാജയപ്പെടുത്തിയത്. 

സിവില്‍ എന്‍ജിനീയറിങ്ങില്‍ ഭൂപേന്ദ്ര പട്ടേല്‍ ഡിപ്ലോമ നേടിയ ഭൂപേന്ദ്ര 1999-2000 കാലത്ത് മേംനഗഗര്‍ മുന്‍സിപ്പാലിറ്റി അധ്യക്ഷനായിരുന്നു. 2008-10 വര്‍ഷങ്ങളില്‍ എ.എം.സി. സ്‌കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്നു. 2010-15ല്‍ തല്‍തേജ് വാര്‍ഡില്‍നിന്നുള്ള കൗണ്‍സിലറായിരുന്നു. രൂപാണിയുടെ സ്ഥാനമൊഴിയലിനു പിന്നാലെ പുതിയ മുഖ്യമന്ത്രിയായി പട്ടീദാര്‍ സമുദായാംഗത്തെ ബി.ജെ.പി. തെരഞ്ഞെടുക്കുമെന്ന് ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, പ്രഫുല്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു. ഇത്തരം ഊഹാപോഹങ്ങളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു  ഭൂപേന്ദ്രയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com