2001ന്റെ ആവര്‍ത്തനം; മോദി കടന്നുവന്നതുപോലെ ഭൂപേന്ദ്ര പട്ടേല്‍; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്തിന്റെ പതിനേഴാമത്  മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു
ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

അഹമ്മദാബാദ്: ഗുജറാത്തിന്റെ പതിനേഴാമത്  മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. വിജയ് രൂപാണി രാജിവച്ചതിന് പിന്നാലെയാണ് ആദ്യ ടേം എംഎല്‍എയായ ഭൂപേന്ദ്ര പട്ടേലിനെ ബിജെപി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 

59കാരനായ ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു. രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഭൂപേന്ദ്ര പട്ടേല്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ക്യാബിനറ്റ് അംഗങ്ങള്‍ വരും ദിവസങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്യും. 2022ല്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപി വിജയ് രൂപാണിയെ മാറ്റി മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കുന്നത്. ഞായറാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം പട്ടേലിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. 

പ്രബലരായ പട്ടേല്‍ സമുദായത്തിന്റെ വോട്ട് ബാങ്ക് മുന്നില്‍ കണ്ടാണ് ഭൂപേന്ദ്ര പട്ടേലിനെ ബിജെപി മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ 182 സീറ്റുകളില്‍ 99 ഇടത്ത് ജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 77 സീറ്റ് നേടിയ കോണ്‍ഗ്രസ്, കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് അകന്ന കഠ്‌വ പട്ടീദാര്‍ വിഭാഗത്തെ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ തിരികെയെത്തിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 

അഹമ്മദാബാദില്‍ ജനിച്ച പട്ടേല്‍,ഘട്ട്‌ലോഡിയയില്‍ നിന്നുള്ള എംഎല്‍എയാണ്. 2017ലെ തെരഞ്ഞെടുപ്പില്‍ 1.17ലക്ഷം വോട്ടിനാണ് പട്ടേല്‍ ഇവിടെനിന്ന് ജയിച്ചത്. അമിത് ഷായുടെ ലോക്‌സഭ മണ്ഡലമായ ഗാന്ധിനഗറിന്റെ ഭാഗമാണ് ഘട്ട്‌ലോഡിയ.

സിവില്‍ എഞ്ചിനിയിറങ്ങില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ പട്ടേല്‍, അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 20 വര്‍ഷം മുന്‍പ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന് സമാനമാണ് പട്ടേലിന്റെയും അധികാരത്തിലേക്കുള്ള പ്രവേശനം. എംഎല്‍എ ആയിരുന്നെങ്കിലും പട്ടേല്‍ ഒരുതവണ പോലും മന്ത്രിയായിട്ടില്ല. 2001 ഫെബ്രുവരി 24ല്‍ രാജ്‌കോട്ട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മോദി, ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. മോദിക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായ ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com