ഭൂപേന്ദ്ര പട്ടേല്‍, സമീപം വിജയ് രൂപാണി / പിടിഐ ചിത്രം
ഭൂപേന്ദ്ര പട്ടേല്‍, സമീപം വിജയ് രൂപാണി / പിടിഐ ചിത്രം

​ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ഗാന്ധി നഗറില്‍ ഇന്നലെ  ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് മുഖ്യമന്ത്രിയായി ഭൂപേന്ദ്രയെ തെരഞ്ഞെടുത്തത്

ഗാന്ധിനഗര്‍: ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 2.20നാണ്  സത്യപ്രതിജ്ഞ. മുഖ്യമന്ത്രി മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് റിപ്പോർട്ട്. 

സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കും. ഗാന്ധി നഗറില്‍ ഇന്നലെ  ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് മുഖ്യമന്ത്രിയായി ഭൂപേന്ദ്രയെ തെരഞ്ഞെടുത്തത്. രാജിവെച്ച വിജയ് രൂപാണിയാണ് ഭൂപേന്ദ്രയുടെ പേര് നിര്‍ദ്ദേശിച്ചത്. 

നിയമസഭാ കക്ഷി നേതാവിയി തെരഞ്ഞെടുത്തതിന് പിന്നാലെ ഭൂപേന്ദ്ര പട്ടേൽ ​ഗവർണർ ആചാര്യ ദേവ്‌രതിനെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. ഗഡ്‌ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. കന്നിയങ്കത്തില്‍ 1.1 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 

നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു. യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര. 59കാരനായ ഭൂപേന്ദ്ര പട്ടേല്‍, കട്‌വ പട്ടീദാര്‍ സമുദായാംഗമാണ്. കൂടാതെ സര്‍ദാര്‍ ധാം, വിശ്വ ഉമിയ ഫൗണ്ടേഷന്‍ എന്നീ പട്ടീദാര്‍ സംഘടനകളുടെ ട്രസ്റ്റി കൂടിയാണ്. 

ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com