മംഗളൂരുവില്‍ ഒരാള്‍ക്ക് നിപയെന്ന് സംശയം; കേരളത്തില്‍ നിന്ന് എത്തിയ ആളുമായി സമ്പര്‍ക്കം; ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍

ലാബ് ടെക്‌നീഷ്യനാണ് രോഗ ലക്ഷണം പ്രകടിപ്പിച്ചത്. ഇയാളുടെ സാമ്പിള്‍ പുനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണങ്ങള്‍. ലാബ് ടെക്‌നീഷ്യനാണ് രോഗ ലക്ഷണം പ്രകടിപ്പിച്ചത്. ഇയാളുടെ സാമ്പിള്‍ പുനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. 

കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി ഈ ലാബ് ടെക്‌നീഷ്യന്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായാണ് പറയുന്നത്. ഏതാനും ദിവസം മുന്‍പ് ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തുകയും ചെയ്തു. യാത്രയില്‍ ഏതെങ്കിലും സമയം നിപ വൈറസ് ബാധ ഏറ്റതാവാമോ എന്ന സംശയവുമുണ്ടെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. 

ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് മംഗളൂരുവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയ്ക്കും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പനി, ചുമ, ഛര്‍ദി ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം പരിശോധിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യണം എന്നാണ് നിര്‍ദേശം. കേരള അതിര്‍ത്തിയില്‍ കര്‍ശനമായ നിരീക്ഷണത്തിന് കൂടുതല്‍ പൊലീസുകാരെ നിയഗിക്കും. 

കേരളത്തില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന 140 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇത് കേരളത്തിന് ആശ്വാസമായിരിക്കെയാണ് കേരളത്തില്‍ നിന്ന് എത്തിയ ഒരാളുമായി സമ്പര്‍ക്കത്തില്‍ വന്ന കര്‍ണാടക സ്വദേശിക്ക് നിപ ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com