പ്ലീസ് സാര്‍, എന്തെങ്കിലും ചെയ്യൂ.. അവള്‍ മരിക്കും; ചികിത്സയ്ക്കായി കേണപേക്ഷിച്ച് സഹോദരി; നൊമ്പരക്കാഴ്ച

തിങ്കളാഴ്ച വൈകീട്ട്‌ ഫിറോസാബാദ് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. 
ചികിത്സയ്ക്കായി അപേക്ഷിച്ച് വാഹനത്തിലേക്ക് മുന്നിലേക്ക് ചാടുന്ന യുവതി /വീഡിയോ ദൃശ്യം
ചികിത്സയ്ക്കായി അപേക്ഷിച്ച് വാഹനത്തിലേക്ക് മുന്നിലേക്ക് ചാടുന്ന യുവതി /വീഡിയോ ദൃശ്യം


ലഖ്‌നൗ: ''പ്ലീസ് സര്‍, എന്തെങ്കിലും ചെയ്യൂ, അല്ലെങ്കില്‍ അവള്‍ മരിക്കും.'' ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന സഹോദരിയുടെ ചികിത്സയ്ക്ക് വേണ്ടി അധികൃതരുടെ ദയയ്ക്കായി കേണപേക്ഷിച്ച യുവതിയുടെ വാക്കുകള്‍ ഇങ്ങനെ. പതിനൊന്നുകാരിയായ നികിതയുടെ ചികിത്സയ്ക്കായി അധികൃതരുടെ കാറിന് മുന്നില്‍ ചാടിയ യുവതിയുടെ വാക്കുകള്‍ ഹൃദയ ഭേദകമാണ്. തിങ്കളാഴ്ച വൈകീട്ട്‌ ഫിറോസാബാദ് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. 

ആശുപത്രിയില്‍ പരിശോധന നടത്താനെത്തിയ ആഗ്ര ഡിവിഷനല്‍ കമ്മിഷണര്‍ അമിത് ഗുപ്തയുടെ  വാഹനത്തിന് മുന്നിലേക്കാണ് നികിത  എടുത്തുചാടിയത്. പ്ലീസ് സര്‍, എന്തെങ്കിലും ചെയ്യൂ, അല്ലെങ്കില്‍ അവള്‍ മരിക്കുമെന്ന് അലറികരഞ്ഞുകൊണ്ടാണ് നികിത വാഹനത്തിനു മുന്നിലേക്ക് ചാടിയത്

ഫിറോസാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന ചികിത്സാ സൗകര്യങ്ങളുടെ അഭാവവും അവര്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് നികിതയെ വാഹനത്തിന് മുന്നില്‍ നിന്ന് മാറ്റിയത്. എന്നാല്‍ നികിതയുടെ ഈ പ്രതിഷേധത്തിന് ഫലമുണ്ടായില്ല. മണിക്കൂറുകള്‍ക്കകം സഹോദരി വൈഷ്ണവി മരണത്തിന് കീഴടങ്ങി. ആവശ്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് തന്റെ സഹോദരി മരിച്ചതെന്ന് നികിത ആരോപിച്ചു. ചികിത്സിച്ച ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും നികിത ആവശ്യപ്പെട്ടു.

എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ വൈഷ്ണവിയുടെ നില അതീവ ഗുരുതമായിരുന്നുവെന്ന് ഫിറോസാബാദ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സംഗീത അനിജ പറഞ്ഞു. ആവശ്യമായ എല്ലാ ചികിത്സകളും നല്‍കിയിരുന്നതായും പ്രിന്‍സിപ്പള്‍ പറഞ്ഞു.

ഡെങ്കിയുടെ ഗുരുതര വകഭേദമാണ് ഫിറോസാബാദിലേതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഫിറോസാബാദിലെ കൊഹ് ഗ്രാമത്തില്‍ മാത്രം 15 ദിവസത്തിനുള്ളില്‍ 11 കുട്ടികളാണ് മരിച്ചത്. അതിനിടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com