'ചുറ്റുമുള്ളവർ മരിച്ചപ്പോൾ പേടിച്ചു'- കോവിഡ് മാറിയത് നാല് മാസത്തിന് ശേഷം; വിശ്വാസ് സൈനി വീട്ടിലേക്ക് മടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 05:53 PM  |  

Last Updated: 16th September 2021 05:53 PM  |   A+A-   |  

A COVID-19 patient

ഫോട്ടോ: എഎൻഐ

 

ലഖ്നൗ: കോവിഡ് ബാധിതനായി നാല് മാസത്തോളം ചികിത്സയിൽ കഴിഞ്ഞ ഉത്തർപ്രദേശ് സ്വദേശിയായ വിശ്വാസ് സൈനി ആശുപത്രി വിട്ടു. കോവിഡ് ബാധിച്ച് മീററ്റിലെ ന്യൂടെമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വിശ്വാസ് 130 ദിവസങ്ങൾക്ക് ശേഷമാണ് രോ​ഗം മാറി ആശുപത്രി വിട്ടത്.

ഏപ്രിൽ 28നാണ് വിശ്വാസ് സൈനിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തിൽ വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം കഴിഞ്ഞത്. എന്നാൽ പിന്നീട് ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് ഒരുമാസത്തോളം വിശ്വാസിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെന്ന് ചികിത്സിച്ച ഡോക്ടർ അവ്നീത് റാണ പറഞ്ഞു. സൈനിയുടെ മനക്കരുത്താണ് അദ്ദേഹത്തെ ജീവിതത്തിലേക്കെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്കും കുടുംബങ്ങൾക്കരികിലേക്കും പോകാൻ സാധിക്കുന്നു എന്നതിൽ അതിയായ സന്തോഷമെന്ന് സൈനി പ്രതികരിച്ചു. ചുറ്റുമുള്ളവരൊക്കെ കോവിഡ് ബാധിച്ച് മരണമടയുമ്പോൾ ഭീതിയുണ്ടായിരുന്നു. എന്നാൽ ഡോക്ടർ നിർദ്ദേശിച്ചത് അവയൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിച്ചാൽ മതിയെന്നായിരുന്നുവെന്നും സൈനി വ്യക്തമാക്കി.