'അദ്ദേഹം പാര്‍ട്ടിയുടെ സ്വത്ത്'; സിപിഐ വിടുമെന്ന പ്രചാരണം അസംബന്ധം, കനയ്യ കൂടിക്കാഴ്ച നടത്തിയെന്ന് ഡി രാജ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയെ കണ്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയെ കണ്ടു. കനയ്യ കുമാര്‍ പാര്‍ട്ടി വിടുന്നു എന്ന പ്രചാരണം അസംബന്ധമാണെന്ന് ഡി രാജ പ്രതികരിച്ചു. 

'പ്രചാരണത്തൈ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തെ ഞാന്‍ അപലപിക്കുകയാണ്. അദ്ദേഹം പാര്‍ട്ടിയുടെ ഏറ്റവും പ്രായകുറഞ്ഞ ദേശീയയ എക്‌സിക്യൂട്ടീവ് അംഗമാണ്. പാര്‍ട്ടി സ്വത്താണ്'ഡി രാജ പറഞ്ഞു. 

അതേസമയം, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചോ, പാര്‍ട്ടി വിടില്ലെന്ന നേതാക്കളുടെ നിലപാടിനെക്കുറിച്ചോ കനയ്യ കുമാര്‍ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. 

'പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്ന നിലയില്‍ കനയ്യയ്ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടി നേതാവിനോടും ചര്‍ച്ച നടത്താവുന്നതാണ്. അദ്ദേഹം സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തിയാലും  ഊഹാപോഹങ്ങള്‍ പ്രചരിക്കുമോ? മറ്റു നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്'-രാജ പറഞ്ഞു. 

ചൊവ്വാഴ്ചയാണ് കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കോണ്‍ഗ്രസില്‍ ചേരുമെന്ന് ഇതിന് പിന്നാലെ വാര്‍ത്തകള്‍ പുറത്തുവന്നു. കനയ്യ കുമാര്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നിരുന്നു. 

'ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അസ്വാഭാവികമായി എന്താണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. ഇത്തരം വിവാദ പ്രചാരണങ്ങള്‍ കൊണ്ട് സിപിഐയൊ കനയ്യ കുമാറിനെയൊ തളര്‍ത്താന്‍ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നതിന്റെയും ദേശീയ ആസ്ഥാനമായ അജോയ് ഭവനില്‍ കനയ്യകുമാര്‍ എത്തിച്ചേരുന്നതിന്റെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്' എന്ന് കാനം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com