ഷോർട്‌സ് ‌ഇട്ട് പരീക്ഷ എഴുതാൻ പറ്റില്ല; 19കാരിയെ കർട്ടൻ ഉടുപ്പിച്ച് ഇൻവിജിലേറ്റർ  

അസം അ​ഗ്രിക്കൾച്ചർ സർവകലാശാലയുടെ പ്രവേശന പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിക്കാണ് മോശം അനുഭവം നേരിടേണ്ടിവന്നത്
ജൂബിലി
ജൂബിലി

ദിസ്പൂർ: ഷോർട്‌സ് ധരിച്ച് പരീക്ഷ എഴുതാൻ എത്തിയ 19കാരിയെ കർട്ടൻ ഉടുപ്പിച്ച് അധികൃതർ. അസം അ​ഗ്രിക്കൾച്ചർ സർവകലാശാലയുടെ പ്രവേശന പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിക്കാണ് മോശം അനുഭവം നേരിടേണ്ടിവന്നത്. കാലുകൾ പുറത്തു കാണുന്ന ഷോർട്‌സ് ധരിച്ച് പരീക്ഷയ്ക്കിരുത്തില്ലെന്നായിരുന്നു ഇൻവിജിലേറ്ററുടെ തീരുമാനം. 

ബിശ്വനാഥ് ചരിയാലി സ്വദേശിയായ ജൂബിലി എന്ന പെൺകുട്ടി പിതാവിനൊപ്പമാണ് പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്. തേസ്പൂരിലെ ഗിരിജാനന്ദ ചൗധരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിലാണ് പരീക്ഷ നടന്നത്. സെക്യൂരിറ്റി ജീവനക്കാരൻ ജീബിലിയെ അകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും ഇൻവിജിലേറ്റർ തടഞ്ഞു. ഈ വേഷം ധരിച്ചു പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് അവർ അറിയിച്ചു. അഡ്മിറ്റ് കാർഡിൽ പ്രത്യേക വസ്ത്രധാരണ ചട്ടങ്ങളൊന്നും പറയുന്നില്ലെന്നും അസം അഗ്രികൾചറൽ യൂനിവേഴ്‌സിറ്റി ഷോർട്‌സ് വിലക്കിക്കൊണ്ട് എവിടേയും പരാമർശിച്ചിട്ടില്ലെന്നും വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല. 

വിദ്യാർത്ഥിനി കരഞ്ഞ് ആവശ്യപ്പെട്ടിട്ടും പാന്റ്‌സ് ധരിച്ച് എത്തിയാൽ പരീക്ഷാ ഹാളിൽ പ്രവേശിക്കാമെന്നായിരുന്നു കൺട്രോളർ ഓഫ് എക്‌സാം അറിയിച്ചത്. ജൂബിലിയുടെ അച്ഛൻ എട്ടു കിലോമീറ്റർ ദൂരെയുള്ള മാർക്കറ്റിൽ പോയി പാന്റ്‌സ് വാങ്ങിച്ചു വന്നു. അപ്പോഴേക്കും ഒരു കർട്ടൻ നൽകി ജൂബിലിയുടെ കാലുകൾ മറക്കുകയാണ് ചെയ്തത്.

പരീക്ഷ എഴുതിയിറങ്ങിയ ജൂബിലിയും അച്ഛനും അധികൃതരുടെ സമീപനത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചു. ഇതേ വേഷം ധരിച്ചാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തേസ്പൂരിൽ തന്നെ താൻ നീറ്റ് പരീക്ഷ എഴുതിയതെന്നും ജൂബിലി പറഞ്ഞു. കോവിഡ് പ്രോട്ടോകോളും മാസ്‌കും ടെംപറേച്ചറും ഒന്നുമല്ല അധികൃതർ നോക്കിയത് മറിച്ച് ഷോർട്‌സ് ആയിരുന്നുവെന്ന് കുട്ടി പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇത്രമാത്രം അവഹേളിക്കപ്പെടുന്നതെന്നും കുട്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com