നീന്തി കരയ്‌ക്കെത്തിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കണ്ടു; സ്വന്തം അച്ഛനായിരുന്നു ആ അജ്ഞാത മൃതദേഹം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 08:58 AM  |  

Last Updated: 17th September 2021 09:02 AM  |   A+A-   |  

he young woman was found dead in the pool

പ്രതീകാത്മക ചിത്രം/ ഫയൽ


ഗൂഡല്ലൂർ: പുഴയിൽ അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ചതോടെയാണ് ഫയർ സ്റ്റേഷനിൽ നിന്നു ബാലമുരുകനും സഹപ്രവർത്തകരും പുറപ്പെട്ടത്. അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്ക്കെത്തിച്ച് തിരിച്ചു കിടത്തിയപ്പോൾ ബാലമുരുകൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം. ഗൂഡല്ലൂർ ഫയർ സർവീസിലെ ഉദ്യോ​ഗസ്ഥനായ ബാലമുരുകനാണ് പിതാവ് വേലുച്ചാമിയുടെ (65) മൃതദേഹം പുഴയിൽ നിന്നും കരയ്ക്ക് കയറ്റിയത്.

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന മൃതദേഹം. പാണ്ഡ്യാർ പുഴയിലെ ഇരുമ്പുപാലം ഭാഗത്താണ് മൃതദേഹം കണ്ടത്. ഫയർ സർ‌വീസിൽ നിന്ന് വിരമിച്ച ഉദ്യോ​ഗസ്ഥനായിരുന്നു വേലുച്ചാമി. നാട്ടിലേക്കെന്നു പറഞ്ഞ് രണ്ടു ദിവസം മുൻപ് താമസസ്ഥലത്ത് നിന്ന് ഇറങ്ങുകയായിരുന്നു. എന്നാൽ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 

വ്യാഴാഴ്ച രാവിലെയോടെയാണ് മൃതദേഹം ആളുകൾ ശ്രദ്ധിച്ചത്. കമിഴ്ന്നു കിടന്ന മൃതദേഹം കരയ്ക്കടുപ്പിച്ച ശേഷമാണു മുഖം ശ്രദ്ധിച്ചത്. പിതാവിന്റെ മൃതദേഹം കണ്ടതോടെ തളർന്നു പോയ ബാലമുരുകനെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർ ഏറെ പ്രയാസപ്പെടേണ്ടി വന്നു.