പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് രാജിവച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 04:41 PM  |  

Last Updated: 18th September 2021 04:54 PM  |   A+A-   |  

amarinder-647_031517114726

ഫയൽ ചിത്രം


അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് രാജിവച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം, ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് രാജി. അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സുപ്രധാന മാറ്റം. 

താന്‍ അപമാനിതനായെന്ന് രാജിയ്ക്ക് ശേഷം, അദ്ദേഹം മാധ്യമപ്രര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു. മൂന്നുതവണ എംഎല്‍എമാരുടെ യോഗം വിളിച്ചത് തന്നെ അപമാനിക്കാനാണ്. അടുത്തത് എന്താണെന്ന് ഉടന്‍ തീരുമാനിക്കും. രാഷ്ട്രീയത്തില്‍ എപ്പോഴും നിരവധി അവസരങ്ങളുണ്ടെന്നും നിലവില്‍ താന്‍ കോണ്‍ഗ്രസിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അമരിന്ദര്‍ സിങ്ങിന്റെയും നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കൊടുവിലാണ്, ക്യാപ്റ്റന്റെ പുറത്തുപോക്ക്. എംഎല്‍എമാരുടെ ആവശ്യപ്രകാരം, കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചിനാണ് നിയമസഭാ കക്ഷി യോഗം.

117 അംഗ പഞ്ചാബ് നിയമസഭയില്‍ നാല്‍പ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ദുവിനൊപ്പം ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അമരിന്ദറിനെതിരെ കലാപക്കൊടി ഉയര്‍ത്തിയെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ അമരിന്ദറും സിദ്ദുവും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും ഗ്രൂപ്പു പോരു തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ അതു പാര്‍ട്ടിക്കു തിരിച്ചടിയാവുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.
അമരിന്ദര്‍ ഇന്നലെ രാത്രി വൈകി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ചിരുന്നു.