ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ആരോഗ്യനില വഷളായി; 11കാരിയുടെ ആഗ്രഹം നിറവേറ്റി, 'ജില്ലാ കളക്ടര്‍' 

തലച്ചോറിലെ മുഴയെ തുടര്‍ന്ന് ആരോഗ്യനില വഷളായ 11 കാരി ഒരു ദിവസം ജില്ല 'ഭരിച്ചു
ഫ്‌ളോറ അസോദിയ, അഹമ്മദാബാദ് കളക്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം
ഫ്‌ളോറ അസോദിയ, അഹമ്മദാബാദ് കളക്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

അഹമ്മദാബാദ്: തലച്ചോറിലെ മുഴയെ തുടര്‍ന്ന് ആരോഗ്യനില വഷളായ 11 കാരി ഒരു ദിവസം ജില്ല 'ഭരിച്ചു'. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗാന്ധിനഗര്‍ സ്വദേശിനിയുടെ സ്വപ്‌നം കളക്ടറാകുക എന്നതാണ്. ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ സ്വപ്‌നം അറിഞ്ഞ അഹമ്മദാബാദ് കളക്ടര്‍ ഇത് നിറവേറ്റി കൊടുക്കുകയായിരുന്നു.

11കാരിയായ ഫ്‌ളോറ അസോദിയയാണ് ബ്രെയിന്‍ ട്യൂമര്‍ എന്ന ഗുരുതര രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞമാസം ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടിയുടെ ആരോഗ്യനില പിന്നീട് വഷളായി. അതിനിടെ സന്നദ്ധ സംഘടന വഴിയാണ് പെണ്‍കുട്ടിക്ക് ഭാവിയില്‍ കളക്ടര്‍ ആകണമെന്നാണ് സ്വപ്‌നം എന്ന് അഹമ്മദാബാദ് കളക്ടര്‍ അറിയുന്നത്. തുടര്‍ന്ന് ഇത് നിറവേറ്റാന്‍ കളക്ടര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ശനിയാഴ്ചയാണ് കളക്ടറുടെ സീറ്റില്‍ അസോദിയ ഇരുന്നത്.

കുട്ടിയുടെ വീട്ടുകാരെയാണ് ആദ്യം കളക്ടര്‍ ബന്ധപ്പെട്ടത്. കളക്ടര്‍ തുടക്കത്തില്‍ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കളക്ടറുടെ ശ്രമത്തെ ആദ്യം എതിര്‍ത്തത്. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞ് വീട്ടുകാരെ മനസിലാക്കിയതായി കളക്ടര്‍ സന്ദീപ് സാഗിള്‍ പറയുന്നു.

ഇതിന് പുറമേ സെപ്റ്റംബര്‍ 25ന് വരാനിരിക്കുന്ന ജന്മദിനം കളക്ടറുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി ആഘോഷിക്കുകയും ചെയ്തു. ഉടന്‍ തന്നെ കുട്ടിയുടെ അസുഖം മാറാനും സ്വപ്‌നം സാക്ഷാത്കരിക്കാനും കളക്ടര്‍ ആശംസ നല്‍കി. കഴിഞ്ഞ ഏഴുമാസമായി ബ്രെയിന്‍ ട്യൂമര്‍ കുട്ടിയെ അലട്ടുകയാണ്. പഠിത്തത്തില്‍  മിടുക്കിയാണ് ഫ്‌ളോറ അസോദിയ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com