‘ദേശ ദ്രോഹി എന്നാണ് വിളിച്ചത്; സിദ്ദുവിനെതിരെ അമരിന്ദറിന്റെ ആരോപണത്തിൽ കോൺ​ഗ്രസ് എന്തുകൊണ്ട് മൗനം പാലിക്കുന്നു?‘- ബിജെപി

‘ദേശ ദ്രോഹി എന്നാണ് വിളിച്ചത്; സിദ്ദുവിനെതിരെ അമരിന്ദറിന്റെ ആരോപണത്തിൽ കോൺ​ഗ്രസ് എന്തുകൊണ്ട് മൗനം പാലിക്കുന്നു?‘- ബിജെപി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് ഉന്നയിച്ച ആരോപണങ്ങളിൽ കോൺഗ്രസ് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുന്നയിച്ച് ബിജെപി. ​ഗുരുതരമായ ആരോപണങ്ങളാണ് അമരിന്ദർ ഉന്നയിച്ചതെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ പറഞ്ഞു. 

‘വളരെ ഗുരുതരമായ ആരോപണങ്ങളാണു സിദ്ദുവിനെതിരെ അമരിന്ദർ ഉന്നയിച്ചത്. ദേശ ദ്രോഹി എന്നാണ് അദ്ദേഹം വിളിച്ചത്. പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ച‌ ശേഷം സിദ്ദു പാകിസ്ഥാൻ സന്ദർശിക്കുകയും സൈനിക തലവനെ അനുമോദിക്കുകയും ചെയ്തു. ഇക്കാര്യം രാജ്യം അറിഞ്ഞതാണ്. പക്ഷേ കഴിഞ്ഞ ദിവസം അമരിന്ദർ ഇത് വീണ്ടും ആവർത്തിച്ചു’- ജാവഡേക്കർ പറഞ്ഞു.

’സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോടാണ് ഞങ്ങളുടെ ചോദ്യം. ഇതൊരു വലിയ ആരോപണമാണ്. എന്തുകൊണ്ട് നിങ്ങൾ നിശബ്ദരാകുന്നു? ഈ വിഷയത്തിൽ മൗനം വെടിഞ്ഞ് കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. സിദ്ദുവിനെതിരായ ആരോപണങ്ങൾ കോൺഗ്രസ് അന്വേഷിക്കുമോ?’– ജാവഡേക്കർ ചോദിച്ചു.

പഞ്ചാബ് കോൺ​ഗ്രസിൽ മാസങ്ങൾ നീണ്ട കലാപത്തിനൊടുവിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച ശേഷമാണ് ക്യാപ്റ്റൻ അമരിന്ദർ സിങ് സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുയർത്തിയത്. സിദ്ദു മുഖ്യമന്ത്രിയാകുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും  രാജ്യത്തിന്റെ നന്മയുടെ പേരിലാണ് ഇക്കാര്യം എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവൻ ജെൻ ഖാമർ ജാവേദ് ബജ്‌വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിനാൽ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു അമരിന്ദറിന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com