സിദ്ദു നയിക്കുമെന്ന് റാവത്ത്, അട്ടിമറിയെന്ന് ഝക്കര്‍; പഞ്ചാബ് കോണ്‍ഗ്രസില്‍ പരസ്യ പോര്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 11:41 AM  |  

Last Updated: 20th September 2021 11:41 AM  |   A+A-   |  

sidhu

നവജ്യോത് സിങ് സിദ്ദു/ഫയല്‍

 

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് നവജ്യോത് സിങ് സിദ്ദു ആയിരിക്കുമെന്ന പാര്‍ട്ടി നേതാവ് ഹരീഷ് റാവത്തിന്റെ പരാമര്‍ശത്തിന് എതിരെ സംസ്ഥാനത്തെ നേതാവ് സുനില്‍ ഝക്കര്‍. എന്ത് അടിസ്ഥാനത്തിലാണ് റാവത്ത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്ന് അറിയില്ലെന്ന് ഝക്കര്‍ പറഞ്ഞു.

നിലവിലെ സാഹചര്യങ്ങള്‍ വച്ചു നോക്കിയാല്‍ സിദ്ദു ജനപ്രിയ നേതാവാണെന്നും അദ്ദേഹം തന്നെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിക്കുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള റാവത്ത് പറഞ്ഞു. ചരണ്‍ജിത് സിങ് ഛന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനെ സിദ്ദുവിന്റെ കീഴില്‍ നേരിടുമെന്നു സത്യപ്രതിജ്ഞാ ദിനത്തില്‍ റാവത്ത് നടത്തിയ പ്രസ്താവന മുഖ്യമന്ത്രിയുടെ അധികാരങ്ങള്‍ അട്ടിമറിക്കുന്നതാണെന്ന് ഝക്കര്‍ കുറ്റപ്പെടുത്തി. മുന്‍ പിപിസിസി അധ്യക്ഷനായ സുനില്‍ ഝക്കറിന്റെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.