കത്തിയമര്‍ന്ന കാറില്‍ നിന്ന് വേര്‍പെട്ട് കിടന്ന നമ്പര്‍പ്ലേറ്റ് തുമ്പായി; കത്തിക്കരിഞ്ഞ മൃതദേഹം ഡോക്ടറുടേത്, അന്വേഷണം

തെലങ്കാനയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: തെലങ്കാനയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഷംഷബാദ് ഓര്‍ത്തോപീഡിക് ഡോക്ടറായ എന്‍ സുധീറാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഗ്നിക്കിരയായ കാറില്‍ നിന്ന് വേര്‍പെട്ട് കിടന്ന നമ്പര്‍ പ്ലേറ്റാണ് മരിച്ചയാളെ തിരിച്ചറിയാന്‍ പൊലീസിന് സഹായകമായത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. വൈകീട്ട് വീട്ടില്‍ നിന്ന് കാറെടുത്ത് ഇറങ്ങിയതാണ് സുധീര്‍. വീട്ടില്‍ എവിടേയ്ക്കാണ് പോകുന്നത് എന്ന് ആരോടും പറഞ്ഞിരുന്നില്ല. സെഡാന്‍ കാറാണ് ഓടിച്ചിരുന്നത്. കാറില്‍ നിന്ന് പടര്‍ന്നുപിടിച്ച തീ ആളിക്കത്തുകയായിരുന്നു.വാഹനം നിര്‍ത്തുന്നതിന് മുന്‍പ് തന്നെ കാറിനെ തീ വിഴുങ്ങിയതായി പൊലീസ് പറയുന്നു.

സീറ്റ് ബെല്‍റ്റിന് തകരാര്‍ സംഭവിച്ചതാകാം ഡോക്ടറിന് കാറില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കാത്തതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഡോറുകളും ഞെരിഞ്ഞമര്‍ന്ന അവസ്ഥയിലായിരുന്നു. കാലും കൈകളും തലയും പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ശരീരത്തിന്റെ അവശേഷിക്കുന്ന ഭാഗം സീറ്റിനോട് ചേര്‍ന്നിരിക്കുന്ന സ്ഥിതിയിലാണ്. കാറില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ ഏറെ പരിശ്രമം വേണ്ടിവന്നതായും പൊലീസ് പറയുന്നു.

മൊബൈല്‍ ഫോണും പേഴ്‌സും ചാരമായതോടെ, മരിച്ചത് ആരെന്ന് തുടക്കത്തില്‍ തിരിച്ചറിയാന്‍ പൊലീസിന് ബുദ്ധിമുട്ട് നേരിട്ടു. ഫയര്‍ എന്‍ജിന്‍ എത്തിയാണ് കാറിന്റെ തീ അണച്ചത്. കാറില്‍ നിന്ന് വേര്‍പെട്ട് കിടന്ന നമ്പര്‍ പ്ലേറ്റാണ് ഡോക്ടറെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും പൊലീസ് പറയുന്നു. വാഹനത്തിന്റെ നമ്പറുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ നമ്പറിന്റെ കോള്‍ വിശദാംശങ്ങള്‍ പൊലീസ് വീണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അവസാനമായി യുവാവ് സഹോദരിയെയാണ് ഫോണില്‍ വിളിച്ചതെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com