ചീഫ് ജസ്റ്റിസുമാര്‍ക്ക് കൂട്ടസ്ഥലംമാറ്റം ; 13 ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍ വരുന്നു ; കൊളീജിയം ശുപാര്‍ശ

ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്തെ 13 ഹൈക്കോടതികളില്‍ ചുതിയ ചീഫ് ജസ്റ്റിസുമാര്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയൊരുങ്ങുന്നു. അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റാനും എട്ട് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കി. ശുപാര്‍ശ കേന്ദ്ര നിയമവകുപ്പിന്റെ പരിഗണനയിലാണ്. 

രാജ്യത്തെ ഏറ്റവും സീനിയര്‍ ഹൈക്കോടതി ജഡ്ജിയും ത്രിപുര ചീഫ് ജസ്റ്റിസുമായ അഖില്‍ ഖുറേഷിയെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ഖുറേഷിയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താത്തത് ചര്‍ച്ചയായതിനു പിന്നാലെയാണ് തീരുമാനം. 

ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത് ജസ്റ്റിസ് ഖുറേഷിയായിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് ജസ്റ്റിസ് ഖുറേഷിക്കെതിരെ നടക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നത്. 

കൊല്‍ക്കത്ത ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍, ജസ്റ്റിസ് രഞ്ജിത്ത് വി മോറെ, സതീഷ് ചന്ദ്ര ശര്‍മ്മ, പ്രകാശ് ശ്രീവാസ്തവ, ആര്‍ വി മളീമഠ്, റിതു രാജ് അവസ്തി, അരവിന്ദ് കുമാര്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരെയാണ് ചീഫ് ജസ്റ്റിസുമാരായി ഉയര്‍ത്താന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. 

ഇവരെ യഥാക്രമം മേഘാലയ, തെലങ്കാന, കൊല്‍ക്കത്ത, മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനാണ് കൊളീജിയം നിര്‍ദേശിച്ചിട്ടുള്ളത്. അഞ്ചു ചീഫ് ജസ്റ്റിസുമാരെ സ്ഥലംമാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

ത്രിപുരയില്‍ നിന്നും ജസ്റ്റിസ് അഖില്‍ ഖുറേഷിയെ രാജസ്ഥാനിലേക്കും, അവിടെ നിന്നും ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിയെ ത്രിപുരയിലേക്കും മാറ്റാനാണ് ശുപാര്‍ശ. മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖിനെ ഹിമാചല്‍ പ്രദേശിലേക്കും, മേഘാലയ ചീഫ് ജസ്റ്റിസ് ബിശ്വനാഥ് സോമാദറിനെ സിക്കിമിലേക്കും സ്ഥലംമാറ്റും. ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസായ എ കെ ഗോസ്വാമിയെ ഛത്തീസ് ഗഡിലേക്ക് മാറ്റാനും കൊളീജിയം ശുപാര്‍ശ നല്‍കുന്നു. 

17 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റവും സെപ്റ്റംബര്‍ 16 ന് ചേര്‍ന്ന കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ ജസ്വന്ത് സിങ്, സബിന, ടി എസ് ശിവജ്ഞാനം, സഞ്ജയ് കുമാര്‍ മിശ്ര, എം എം ശ്രീവാസ്തവ, സൗമെന്‍ സെന്‍, അഹ്‌സാനുദ്ദീന്‍ അമാനുള്ള. ഉജ്ജ്വല്‍ ഭുയാന്‍, പരേഷ് ആര്‍ ഉപാധ്യായ്, എംഎസ്എസ് രാമചന്ദ്രറാവു, അരിന്ദം സിന്‍ഹ, എ എം ബാദര്‍, യശ്വന്ത് വര്‍മ, വിവേക് അഗര്‍വാള്‍, ചന്ദ്രധരി സിങ്, അനൂപ് ചിത്കാര, രവിനാഥ് തില്‍ഹാരി എന്നിവര്‍ക്കാണ് സ്ഥലംമാറ്റം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com