ഫോണില്‍ 1300 ഓളം പോണ്‍ സൈറ്റുകള്‍; പുരോഹിതന്‍ നീലച്ചിത്രങ്ങള്‍ക്ക് അടിമ; ഒന്‍പതുകാരി മരിച്ചത് പീഡനത്തിനിടെ ശ്വാസംമുട്ടി; കുറ്റപത്രം

കൂളറില്‍ നിന്ന് വെള്ളം കുടിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മയോട് പ്രതികള്‍ പറഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒന്‍പതു വയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി രാധേ ശ്യാം നേരത്തെയും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ബലാത്സംഗത്തിനിടെ പെണ്‍കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും  കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികളായ രാധേ ശ്യാം, കുല്‍ദീപ് സിങ്, സലിം അഹമ്മദ്, ലക്ഷ്മി നാരായണ്‍ എന്നിവര്‍ക്കെതിരെ പോക്‌സോയും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമത്തിനുള്ള കുറ്റവും, ബലാത്സംഗം, തടങ്കലില്‍ വയ്ക്കല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രതി രാധേ ശ്യാം സ്ഥിരം അശ്ലീല വീഡിയോകള്‍ കാണുന്നയാളാണ്.  1300 ഓളം പോണ്‍ വെബ്‌സൈറ്റ് വിവരങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്നും ലഭിച്ചതായും പൊലീസ് കോടതിയെ അറിയിച്ചു. 

ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്തെ പുരാന നങ്ങലില്‍ ആണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. സമീപത്തെ ശ്മശാനത്തില്‍ പുരോഹിതനായിരുന്നു രാധേ ശ്യാം. വെള്ളം എടുക്കാന്‍ വന്ന ഒന്‍പതുകാരിയ പീഡിപ്പിക്കുകയും ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. ഈ സമയം മറ്റൊരു പ്രതിയായ കുല്‍ദീപ് സിങ് പെണ്‍കുട്ടിയുടെ കൈ പിടിച്ചുവെന്ന് പൊലീസ് പറഞ്ഞു.

കൂളറില്‍ നിന്ന് വെള്ളം കുടിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മയോട് പ്രതികള്‍ പറഞ്ഞത്. എന്നാല്‍ വാട്ടര്‍ കൂളറില്‍ ഷോക്ക് ഇല്ലെന്നും വൈദ്യുതാഘാതത്തിന് തെളിവുകളില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.

തുടക്കത്തില്‍ പെണ്‍കുട്ടിയുടെ മരണവിവരം പൊലീസിനെ അറിയിക്കരുതെന്ന് പ്രതികള്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്ന്  കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് രണ്ടിന് കേസിനാസ്പദമായ സംഭവം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com