ബെല്ലയുടെ രാജകീയ യാത്ര, വളർത്തുനായയെ കൊണ്ടുപോകാൻ യുവതി ബിസിനസ് ക്ലാസിലെ മൊത്തം ടിക്കറ്റും വാങ്ങി, മുടക്കിയത് ലക്ഷങ്ങൾ

ബെല്ല എന്ന വളർത്തുനായയ്ക്കു മുംബൈയിൽ നിന്നു ചെന്നൈയിലേക്ക് പോകാൻ വേണ്ടിയാണ് ഉടമ ലക്ഷങ്ങൾ മുടക്കിയത്
ചിത്രം; എഎൻഐ
ചിത്രം; എഎൻഐ

ന്യൂഡൽഹി; ആഡംബര യാത്ര എന്നു പറഞ്ഞാൽ ഇതാണ്, തന്റെ വളർത്തുനായയുടെ വിമാനയാത്രയ്ക്കായി ബിസിനസ് ക്ലാസ് ക്യാബിനിലെ എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്ത് യുവതി. ബെല്ല എന്ന വളർത്തുനായയ്ക്കു മുംബൈയിൽ നിന്നു ചെന്നൈയിലേക്ക് പോകാൻ വേണ്ടിയാണ് ഉടമ ലക്ഷങ്ങൾ മുടക്കിയത്. സെപ്റ്റംബർ പതിനഞ്ചിനായിരുന്നു ബെല്ലയുടെ രാജകീയ യാത്ര. 

എയർ ഇന്ത്യയുടെ എഐ 671 വിമാനത്തിലാണ് യുവതി ബെല്ലയേയുംകൊണ്ട് ചെന്നൈയിലേക്ക് തിരിച്ചത്.  സാധാരണനിലയിൽ ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ഇരുപതിനായിരം രൂപയാണ് ചെലവ്. വിമാനത്തിൽ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും യുവതി ബുക്ക് ചെയ്തു. അങ്ങനെ മൊത്തം 2.5 ലക്ഷം രൂപ ചെലവ് വന്നുവെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്യുന്നത്. 

ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ തന്റെ വളർത്തുനായയെ കൊണ്ടുപോകുന്നതിനുവേണ്ടിയാണ് അവർ ബിസിനസ് ക്ലാസ് ക്യാബിനിലെ മൊത്തം ടിക്കറ്റും വാങ്ങിയത്. എന്നാൽ ബെല്ലയുടെ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ എയർഇന്ത്യ പുറത്തുവിട്ടിട്ടില്ല. മൾട്ടീസ് എന്ന ഇനത്തിൽപ്പെടുന്നതാണ് നായ. 30,000 മുതൽ ഒരു ലക്ഷം വരെ വിലയുള്ള ഇനമുള്ള നായയാണിത്. 
 
വളർത്തു മൃഗങ്ങളെ നിബന്ധനകളോടെ യാത്ര ചെയ്യാൻ അനുവദിക്കുന്ന രാജ്യത്തെ ഏക ഇന്ത്യൻ വിമാന കമ്പനിയാണ് എയർ ഇന്ത്യ. ഒരു വിമാനത്തിൽ പരമാവധി രണ്ട് വളർത്തു മൃഗങ്ങളെ വരെ യാത്രയിൽ കൂടെ കൊണ്ട് പോകാൻ സാധിക്കും. ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയിൽ വളർത്തു മൃഗങ്ങളെ ഇരുത്തുകയാണ് ചെയ്യുന്നത്. ഇതിനായി എയർ ഇന്ത്യ ഫീസും ഈടാക്കിയിരുന്നു. എന്നാൽ ഇതാദ്യമായാണ് ഒരാൾ വളർത്തു മൃഗങ്ങൾക്ക് വേണ്ടി മുഴുവൻ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com