സ്ഥിരമായി മൂര്‍ഖന്റെ സാന്നിധ്യം; അപൂര്‍വ്വ നിധിയെന്ന് മലയാളി ജ്യോല്‍സ്യന്‍, വീട് കുഴിച്ചത് 20 അടി, അവസാനം...

കര്‍ണാടകയില്‍ നിധിയുണ്ടെന്ന ജ്യോല്‍സ്യന്റെ വാക്ക് വിശ്വസിച്ച് വീടിന്റെ അടിത്തറ 20 അടിയോളം താഴ്ചയില്‍ കുഴിച്ച് പൊല്ലാപ്പ് പിടിച്ച് ദമ്പതികള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ നിധിയുണ്ടെന്ന ജ്യോല്‍സ്യന്റെ വാക്ക് വിശ്വസിച്ച് വീടിന്റെ അടിത്തറ 20 അടിയോളം താഴ്ചയില്‍ കുഴിച്ച് പൊല്ലാപ്പ് പിടിച്ച് ദമ്പതികള്‍. 20 അടി കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല മുറികളെല്ലാം മണ്ണ്  കൊണ്ട് നിറയുകയും ചെയ്തു.വീട്ടില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. കേസെടുത്തില്ലെങ്കിലും പൊലീസ് ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചു.

ചാമരാജനഗറിലെ അമ്മാനപുര ഗ്രാമത്തിലാണ് വേറിട്ട സംഭവം.ഗ്രാമത്തില്‍ മറ്റാരും അറിയാതെ രഹസ്യമായാണ് വീടിനുള്ളില്‍ ഇവര്‍ കുഴിയെടുത്തത്. ഇങ്ങനെ മാറ്റുന്ന മണ്ണ് തൊട്ടടുത്ത മുറിയിലേക്ക് മാറ്റുകയായിരുന്നു പതിവ്. 20 അടി കുഴിച്ചിട്ടും ഒന്നും കിട്ടിയില്ല. കുഴിയെടുത്തതിനെ തുടര്‍ന്ന് മുറികളെല്ലാം മണ്ണ് കൊണ്ട്് നിറയുകയും ചെയ്തു.

വീട്ടില്‍ നിന്നും കുഴിയെടുക്കുന്ന ശബ്ദം കേള്‍ക്കുന്നതും പെരുമാറ്റത്തിലെ വ്യത്യാസവും നാട്ടുകാര്‍ ശ്രദ്ധിച്ചതോടെയാണ് നിധിവേട്ട പുറത്തറിയുന്നത്.  നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ കാര്യം പറഞ്ഞ് മനസിലാക്കി.

വീട്ടില്‍ സ്ഥിരമായി മൂര്‍ഖനെ കണ്ടത് ഇരുവരെയും ഭീതിയിലാക്കി. രണ്ടു മാസം മുന്‍പ് ആദ്യമായി  മൂര്‍ഖനെ കണ്ടപ്പോള്‍ തല്ലിക്കൊന്നു. വീണ്ടും പാമ്പിനെ കണ്ടപ്പോള്‍ കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്യോല്‍സനെ കൊണ്ട് നോക്കിച്ചു. വീട്ടില്‍ നിധിയുണ്ടെന്നും അതിന്റെ കാവല്‍ക്കാരാണ് പാമ്പുകളെന്നും ഇയാള്‍ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടിലെത്തി പൂജ നടത്തിയ ശേഷമാണ് കുഴിക്കാന്‍ ഇയാള്‍ നിര്‍ദേശം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com