'വിദ്യാര്‍ഥികളെ കൊല്ലുന്ന പരീക്ഷ', തുല്യതയ്ക്ക് എതിര്; നീറ്റ് ഒഴിവാക്കണമെന്ന് കമല്‍ഹാസന്‍

ദേശീയ മെഡിക്കല്‍ പ്രവേശ പരീക്ഷയായ നീറ്റ് സാമൂഹ്യനീതിക്കും തുല്യതയ്ക്കും എതിരാണെന്ന് നടന്‍ കമല്‍ഹാസന്‍
കമല്‍ഹാസന്‍/ഫയല്‍ ചിത്രം
കമല്‍ഹാസന്‍/ഫയല്‍ ചിത്രം

ചെന്നൈ:  ദേശീയ മെഡിക്കല്‍ പ്രവേശ പരീക്ഷയായ നീറ്റ് സാമൂഹ്യനീതിക്കും തുല്യതയ്ക്കും എതിരാണെന്ന് നടന്‍ കമല്‍ഹാസന്‍. ഗ്രാമീണ മേഖലയില്‍ നിന്നും ദരിദ്ര ജനവിഭാഗങ്ങളില്‍ നിന്നും ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്‌നങ്ങളെ തല്ലികെടുത്തുന്നതാണ് നീറ്റ് പരീക്ഷ എന്നും കമല്‍ഹാസന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

നീറ്റ് പരീക്ഷാ പേടിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.ഇതോടെ നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടന്റെ പ്രതികരണം. 'നീറ്റ് വിദ്യാര്‍ഥികളെ കൊല്ലുന്ന പരീക്ഷയാണ്. ഇത് സാമൂഹ്യനീതിക്കും തുല്യതയ്ക്കും എതിരാണ്. ഗ്രാമീണ മേഖലയില്‍ നിന്നും ദരിദ്ര ജനവിഭാഗങ്ങളില്‍ നിന്നും ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തുന്ന പരീക്ഷയാണ്.'- കമല്‍ഹാസന്റെ വാക്കുകള്‍ ഇങ്ങനെ.

 നീറ്റ് വന്നതിന് ശേഷം മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞു. നേരത്തെ 14.44 ശതമാനം ഉണ്ടായിരുന്നത് 1.7 ശതമാനമായാണ് താഴ്ന്നത്. ഇത് നീറ്റ് സാമൂഹ്യനീതിയ്ക്ക് എതിരാണ് എന്ന വാദത്തെ ബലപ്പെടുത്തുന്നതാണെന്നും കമല്‍ഹാസന്‍ ആരോപിച്ചു.  സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മാത്രം മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്ന പരീക്ഷയാണ് നീറ്റ് എന്ന ജസ്റ്റിസ് എ കെ രാജന്‍ റിപ്പോര്‍ട്ട് കമല്‍ഹാസന്‍ പിന്താങ്ങി.

രാജ്യത്ത് മെഡിക്കല്‍ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാട് മുന്‍പന്തിയിലാണ്. നീറ്റ് തുടര്‍ന്നാല്‍ ഇതുവരെയുള്ള നേട്ടം ഇല്ലാതെയാവും.ഒരാളുടെ മാതൃഭാഷയ്‌ക്കെതിരെയുള്ള മനോഭാവവും നീറ്റ് സൃഷ്ടിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമല്ല, രാജ്യത്ത് നിന്ന് തന്നെ നീറ്റ് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com