പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് സുപ്രീംകോടതി ; വിദഗ്ധ സമിതി രൂപീകരിക്കും

സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണത്തിന് സുപ്രീംകോടതി. ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 

ഇതുസംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതി സ്വന്തം നിലയില്‍ വിദഗ്ധ സമിതി രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പല വിദഗ്ധരെയും സമീപിച്ചിരുന്നു. ചിലര്‍ വ്യക്തിപരമായി ബുദ്ധിമുട്ട് അറിയിച്ചതാണ് രൂപീകരണം വൈകാന്‍ കാരണമെന്നും കോടതി വ്യക്തമാക്കി. 

സമിതി അംഗങ്ങള്‍ സംബന്ധിച്ച് അടുത്തയാഴ്ച ഉത്തരവ് പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. ഫോണ്‍ ചോര്‍ത്തലിന് പെഗാസസ് ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറി. പെഗാസസ് ഉപയോഗിച്ചോ എന്നത് സത്യവാങ്മൂലത്തിലൂടെ പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ മറ്റ് കക്ഷികളുടെ വാദം കേട്ട് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തുടങ്ങി നിരവധി പേരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com