ഇന്ത്യയില്‍ വ്യാപക ആക്രമണത്തിന് പദ്ധതി, നുഴഞ്ഞുകയറാന്‍ അതിര്‍ത്തിയില്‍ തമ്പടിച്ച് 40 ഭീകരര്‍ ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ജാഗ്രതാ നിര്‍ദേശം

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : ഉത്സവ സീസണില്‍ രാജ്യത്ത് വ്യാപക ആക്രമണം ലക്ഷ്യമിട്ട് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഭീകരസംഘടനകളുടെ പിന്തുണയോടെ അഫ്ഗാനികളായ 40 ഭീകരര്‍ നിയന്ത്രണരേഖയ്ക്ക് സമീപം തമ്പടിച്ചതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 

നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാനിലെ നക്യാല്‍ സെക്ടറിലാണ് ഭീകരര്‍ ക്യാംപ് ചെയ്യുന്നത്. പൂഞ്ച് നദി നീന്തിക്കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാനാണ് ഇവരുടെ പദ്ധതി. നദി കടക്കാന്‍ ട്യൂബുകളും,  വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഉപരിതലത്തിന് മുകളില്‍ നിന്ന് വായു ശ്വസിക്കാന്‍ കഴിയുന്ന ഉപകരണവും ഭീകരരുടെ പക്കലുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. 

പാക് തീവ്രവാദ ഗ്രൂപ്പുകളും പാക് ചാരസംഘടനയായ ഐഎസ്‌ഐയുമാണ് ഭീകര്‍ക്ക് പരിശീലനം നല്‍കുന്നത്. ടിഫിന്‍ ബോംബ് നിര്‍മ്മാണത്തിലും ഇവര്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ചതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട്. പാക് ഭീകരസംഘടനകളായ ലഷ്‌കര്‍- ഇ തയ്ബ, ഹര്‍ക്കത് ഉള്‍ അന്‍സാര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ നീക്കങ്ങള്‍ സസൂക്ഷ്മം പിന്തുടര്‍ന്നപ്പോഴാണ് ഈ വിവരങ്ങള്‍ ലഭ്യമായതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. 

സ്‌ഫോടനം നടത്തുന്നതിന് ആവശ്യമായ വസ്തുക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ലീപ്പര്‍ സെല്ലുകള്‍ വഴി എത്തിക്കാനാണ് പദ്ധതി. നവരാത്രി, ദീപാവലി ഉത്സവ സീസണുകളില്‍ ഇന്ത്യയില്‍ വ്യാപക സ്‌ഫോടനങ്ങള്‍ നടത്താനാണ് ഭീകരസംഘടനകള്‍ ലക്ഷ്യമിടുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com