ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം കഴുകണം, അയേണ്‍ ചെയ്തു നല്‍കണം ; ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം നല്‍കി വിചിത്ര ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 11:43 AM  |  

Last Updated: 24th September 2021 11:43 AM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

പട്‌ന : ബലാത്സംഗ ശ്രമത്തിന് അറസ്റ്റിലായ പ്രതിക്ക്  വിചിത്ര ഉപാധികളോടെ ജാമ്യം നല്‍കി കോടതി. ബലാത്സംഗ ശ്രമക്കേസില്‍ അറസ്റ്റിലായ ലലന്‍കുമാര്‍ സാഫി നല്‍കിയ ജാമ്യാപേക്ഷയിലാണ് ബിഹാറിലെ ജാജന്‍പൂര്‍ കോടതി ജഡ്ജി അവിനാഷ് കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

വരുന്ന ആറുമാസവും പ്രതി ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രം കഴുകി അയേണ്‍ ചെയ്ത് നല്‍കണമെന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു കൂടാതെ 10,000 രൂപ ജാമ്യതുകയായി പ്രതി കെട്ടിവെക്കണമെന്നും കോടതി ഉത്തരവിട്ടു. 

ആറുമാസത്തിന് ശേഷം പ്രതിയുടെ സൗജന്യസേവനം തൃപ്തികരമാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ഗ്രാമ മുഖ്യനോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ ലലന്‍കുമാറിന് ജാമ്യ ഉപാധിയായ ജോലിയില്‍ നിന്നും വിടുതല്‍ ലഭിക്കുമെന്നും കോടതി ഉത്തരവില്‍ സൂചിപ്പിക്കുന്നു. 

ബിഹാറിലെ മധുബനിയില്‍ കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 20 കാരനായ ലലന്‍ കുമാര്‍ ഗ്രാമത്തിലെ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. പ്രതിയുടെ പ്രായം ചൂണ്ടിക്കാട്ടി, ഇളവ് നല്‍കണമെന്ന് ലലന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ജഡ്ജി അവിനാഷ് കുമാര്‍ ഇതിന് മുമ്പും ഇത്തരത്തില്‍ വിചിത്ര ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചതിന്, ഒരു അധ്യാപികയ്ക്ക് ഗ്രാമത്തിലെ കുട്ടികളെ മുഴുവന്‍ സൗജന്യമായി പഠിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.