അസം; വെടിയേറ്റ് വീണയാളെ അതിക്രൂരമായി ചവിട്ടിയ ഫോട്ടോ​ഗ്രാഫർ അറസ്റ്റിൽ (വീഡിയോ)

അസം; വെടിയേറ്റ് വീണയാളെ അതിക്രൂരമായി ചവിട്ടിയ ഫോട്ടോ​ഗ്രാഫർ അറസ്റ്റിൽ (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഗുവാഹത്തി: അസമിൽ പൊലീസിന്റെ വെടിയേറ്റ് വീണ ആളുടെ ശരീരത്തിൽ ചവിട്ടിയ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ദാരംഗിൽ  കുടിയേറ്റമൊഴിപ്പിക്കുന്നതനിടെയാണ് പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷമുണ്ടായത്. അതിനിടെയാണ് ഫോട്ടോ​ഗ്രാഫർ വെടിയേറ്റ് വീണ ആളെ അതിക്രൂരമായി ചവിട്ടിയത്. പ്രതിഷേധക്കാരിലൊരാളെ പൊലീസ് വെടിവെച്ചിടുന്നതും വീണു കിടക്കുന്ന ആളുടെ ശരീരത്തിൽ ഫോട്ടോഗ്രാഫറായ ഇയാൾ ചവിട്ടുന്നതിന്റെയും മർദിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായതെന്ന് അസം ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ദ ട്വിറ്ററിൽ വ്യക്തമാക്കി. ഇയാൾ ഇപ്പോൾ അസം സിഐഡിയുടെ കസ്റ്റഡിയിലാണുള്ളതെന്നും ഡിജിപി ട്വീറ്റിൽ പറയുന്നു. 

കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടിക്കിടെയാണ് പൊലീസും പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടിയത്. 
പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതിനിടെയാണ് ഫോട്ടോ​ഗ്രാഫർ പ്രതിഷേധക്കാരനെ ആക്രമിക്കുന്നതിന്റെ അതിദാരുണമായ ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവം ചിത്രീകരിക്കാൻ എത്തിയ ഫോട്ടോ​ഗ്രാഫർ വടിയുമായി പിന്തുടർന്ന പ്രതിഷേധക്കാരനെയാണ് ആക്രമിച്ചത്. പ്രതിഷേധക്കാരനെ പൊലീസ് തല്ലിച്ചതച്ചു. മർദ്ദനത്തിന് പിന്നാലെ വെടിയേറ്റ് നിലത്ത് അനക്കമില്ലാതെ കിടന്ന പ്രതിഷേധക്കാരനെ ക്യാമറാമാൻ ചാടി ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. 

തിങ്കളാഴ്ച 800 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. കാർഷിക പദ്ധതിക്കായി ഭൂമി വീണ്ടെടുക്കുന്നതിനാണ് കൈയേറ്റം ഒഴിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com