മുടി വെട്ടിയതിലെ പിഴവ്; യുവതിക്ക് 2 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി 

സ്ത്രികൾക്ക് മുടി എറെ പ്രധാനപ്പെട്ടതാണ്. അവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന് കമ്മീഷൻ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: മുടി വെട്ടിയതിലെ പിഴവിന് യുവതിക്ക് 2 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. യുവതിയുടെ നീളമുള്ള മുടി വെട്ടിയതിൽ വീഴ്ച ഉണ്ടായപ്പോൾ മോഡലിംഗ് അടക്കമുള്ള അവരുടെ ലക്ഷ്യങ്ങളെ ബാധിച്ചതായി ചൂണ്ടിക്കാണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

സ്ത്രികൾക്ക് മുടി എറെ പ്രധാനപ്പെട്ടതാണ്. അവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന് കമ്മീഷൻ പറഞ്ഞു. മുടി പരിപാലിയ്ക്കുന്നതിന്റെ ഭാഗമായ് വെട്ടുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ സ്ത്രിയുടെ വ്യക്തിത്വത്തെ ബാധിയ്ക്കുമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. 

2018ലായിരുന്നു യുവതിയുടെ മുടി മുറിച്ചതിൽ പിഴവുണ്ടായ സംഭവം. ഡൽഹിയിലെ ഐടിസി മൌര്യാ ഹോട്ടലിലെ സലൂണിലാണ് പരാതിക്കാരി മുടിവെട്ടിയത്. മുടി ഉത്പന്നങ്ങളുടെ മോഡൽ ആണ് യുവതി. സലൂണിൽ ഉണ്ടാവാറുള്ള ഹെയർസ്റ്റൈലിസ്റ്റിനു പകരം മറ്റൊരു ആളാണ് യുവതിയുടെ മുടി വെട്ടിയത്. വെട്ടിക്കഴിഞ്ഞപ്പോൾ വളരെ കുറച്ച് മുടി മാത്രമാണ് അവശേഷിച്ചത്. 

കൃത്യമായ നിർദ്ദേശം നൽകിയിട്ടും നാലിഞ്ച് മുടി മാത്രമേ അവർ അവശേഷിപ്പിച്ചുള്ളൂ. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ സൗജന്യ കേശ ചികിത്സ നൽകാമെന്ന് സലൂൺ അറിയിച്ചു. എന്നാൽ ഇത് ചെയ്തപ്പോൾ മുടിക്ക് ഡാമേജുണ്ടായി. തലയോട്ടിക്ക് പൊള്ളൽ ഏൽക്കുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്തു എന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 

മുടിയോട് വൈകാരിക അടുപ്പമുള്ളവരാണ് സ്ത്രീകൾ. തങ്ങളുടെ മുടിയുമായി ബന്ധപ്പെട്ട് സ്ത്രീകൾ വളരെ ശ്രദ്ധാലുക്കളാണ്. മുടി നല്ല രീതിയിൽ സൂക്ഷിക്കാൻ അവർ പണം ചെലവിടുന്നു. പരാതിക്കാരി മുടി ഉത്പന്നങ്ങളുടെ മോഡലായിരുന്നു. പാൻ്റീനും വിഎൽസിസിക്കുമായി അവർ മോഡലിംഗ് ചെയ്തിട്ടുണ്ട്. എന്നാൽ, മുടി വെട്ടിയതിലെ പിഴവ് കാരണം അവർക്ക് അവസരങ്ങൾ നഷ്ടമാവുകയും ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. അത് അവരുടെ ജീവിത രീതിയെ തകിടം മറിക്കുകയും മികച്ച മോഡൽ ആവാനുള്ള യുവതിയുടെ സ്വപ്നങ്ങൾ തകർക്കപ്പെടുകയും ചെയ്തു എന്നും കമ്മിഷൻ വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com