'പ്രതികാരം' തീര്‍ക്കാന്‍ കുരങ്ങന്‍ 22 കിലോമീറ്റര്‍ സഞ്ചരിച്ച് വീണ്ടും ഗ്രാമത്തിലെത്തി; ആക്രമണം ഭയന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍, അമ്പരപ്പിക്കുന്ന കഥ

കര്‍ണാടക ചിക്കമംഗ്ലൂര്‍ ജില്ലയിലെ കൊട്ടിഗെഹറ ഗ്രാമത്തിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: പ്രതികാരം ചെയ്തു എന്ന വാക്ക് സ്ഥിരമായി ക്രൈം വാര്‍ത്തകളില്‍ പറഞ്ഞു കേള്‍ക്കുന്നതാണ്. മനുഷ്യര്‍ക്കിടയില്‍ പ്രതികാരം എന്ന വാക്ക് ഒരു പുതുമയല്ല. എന്നാല്‍ മൃഗങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് കേള്‍ക്കുന്നതെങ്കില്‍ ചിലപ്പോള്‍ ആശ്ചര്യം തോന്നാം. തന്നെ 'ഉപദ്രവിച്ച' ഓട്ടോറിക്ഷ ഡ്രൈവറെ കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച കുരങ്ങന്റെ കഥയാണിത്.

കര്‍ണാടക ചിക്കമംഗ്ലൂര്‍ ജില്ലയിലെ കൊട്ടിഗെഹറ ഗ്രാമത്തിലാണ് സംഭവം.കുരങ്ങന്മാര്‍ ഭക്ഷണം തേടി നാട്ടില്‍ ഇറങ്ങുന്നത് പതിവാണ്. മൊറാജി ദേശായി സ്‌കൂളില്‍ കറങ്ങി നടന്ന കുരങ്ങനെ കണ്ട് കുട്ടികള്‍ ഭയപ്പെട്ടു. പരാതി ലഭിച്ചതോടെ, മാതാപിതാക്കളുടെ ആശങ്ക പരിഹരിക്കാന്‍ കുരങ്ങനെ പിടികൂടി കാട്ടില്‍ കൊണ്ടുചെന്നുവിടാന്‍ തീരുമാനിച്ചത് മുതലാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ 'കഷ്ടകാലം' തുടങ്ങിയത്. 

കുരങ്ങനെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സഹായം തേടി. കുരങ്ങന്റെ ശ്രദ്ധതിരിച്ച് സ്‌കൂളില്‍ നിന്ന് അകറ്റി കെണിയില്‍ വീഴ്ത്തുകയായിരുന്നു പരിപാടി. ഇതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ചെന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ജഗദീഷിനെയാണ് കിലോമീറ്ററുകളോളം കുരങ്ങന്‍ പിന്തുടര്‍ന്നത്. ശ്രദ്ധതിരിച്ച് അകറ്റാനുള്ള ശ്രമത്തിനിടെ, പ്രകോപിതനായ കുരങ്ങന്‍ ജഗദീഷിന്റെ നേര്‍ക്ക് തിരിയുകയായിരുന്നു. ജഗദീഷിന്റെ കൈ കടിച്ചെടുത്ത കുരങ്ങന്‍ വീണ്ടും ആക്രമിക്കാന്‍ ഒരുങ്ങി.

കുരങ്ങന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജഗദീഷ് ഓടാന്‍ തുടങ്ങി. യുവാവ് പോയ സ്ഥലങ്ങളിലെല്ലാം കുരങ്ങന്‍ വിടാതെ പിന്തുടര്‍ന്നു. ഓട്ടോറിക്ഷയില്‍ ഒളിക്കാനുള്ള ശ്രമവും പാഴായി. ജഗദീഷിനെ കണ്ട കുരങ്ങന്‍ ഓട്ടോറിക്ഷയും ആക്രമിച്ചു. ഷീറ്റ് മുഴുവന്‍ കടിച്ചുകീറി. മൂന്ന് മണിക്കൂര്‍ നീണ്ട 30 അംഗ സംഘത്തിന്റെ ദൗത്യത്തിന് ഒടുവിലാണ് കുരങ്ങനെ പിടികൂടിയത്. 

തുടര്‍ന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ബല്ലൂര്‍ വനത്തില്‍ കൊണ്ടുചെന്ന് വിട്ടു. എന്നാല്‍ കുരങ്ങന്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും കൊട്ടിഗെഹറ ഗ്രാമത്തില്‍ തിരിച്ചെത്തിയതോടെ ജഗദീഷിന്റെ ഭയം വര്‍ധിച്ചു. നേരത്തെ തന്നെ ആക്രമിച്ച കുരങ്ങന്‍ തന്നെയാണ് ഇതെന്ന് അറിഞ്ഞതോടെയാണ് ഭീതി ഇരട്ടിയായത്. വീണ്ടും പ്രതികാരം തീര്‍ക്കാന്‍ കുരങ്ങന്‍ എത്തിയതാണോ എന്ന ഭീതിയിലായിരുന്നു ജഗദീഷ്. ഉടന്‍ തന്നെ യുവാവ് വനംവകുപ്പിന്റെ സഹായം തേടി.  ആദ്യമായാണ് കുരങ്ങന്‍ ഒരു മനുഷ്യനെ തന്നെ ലക്ഷ്യം വെയ്ക്കുന്ന കാര്യം കേള്‍ക്കുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞദിവസം വീണ്ടും കുരങ്ങനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇത്തവണ വളരെ അകലെ കൊണ്ടുപോയാണ് കുരങ്ങനെ വിട്ടയച്ചത്. ഇനി തന്നെ അന്വേഷിച്ച് കുരങ്ങന്‍ വരില്ല എന്ന താത്കാലിക ആശ്വാസത്തിലാണ് ജഗദീഷ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com