'പാര്‍ട്ടി ഓഫീസിലെ എ സി അഴിച്ചുകൊണ്ടുപോയി!'; കനയ്യ കുമാറിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി

കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കനയ്യ കുമാറിന് എതിരെ സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


പട്‌ന: കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കനയ്യ കുമാറിന് എതിരെ സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി. സിപിഐ സംസ്ഥാന സമിതി ആസ്ഥാനാത്ത് സ്ഥാപിച്ചിരുന്ന എ സി കനയ്യ അഴിച്ചുകൊണ്ടു പോയെന്നാണ് സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ ആരോപിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'പാര്‍ട്ടി ആസ്ഥാനത്തെ തന്റെ മുറിയില്‍ സ്ഥാപിച്ചിരുന്ന എയര്‍കണ്ടീഷനര്‍ കനയ്യ അഴിച്ചുകൊണ്ടുപോയി. കനയ്യ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച എസിയാണ് ഇത്. തിരികെ കൊണ്ടുപോയതില്‍ അപാകതയില്ല' എന്നാണ് സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ പറഞ്ഞത്. 

അതേസമയം, പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം നല്‍കണമെന്ന് കനയ്യ കുമാര്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് പത്രമ്മേളനം നടത്തണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയുടെ നിര്‍ദേശം കനയ്യ കുമാര്‍ നിഷേധിച്ചെന്ന് ദേശീയ നേതൃത്വത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കനയ്യ കുമാറിനോട് ചൊവ്വാഴ്ച പത്രസമ്മേളനം നടത്തണമെന്നാണ് ഡി രാജ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനിലെത്തിയ പ്രവര്‍ത്തകര്‍ പലവട്ടം ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹം അന്ന് ഫോണെടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഹാറിലെ പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നത ഇതുവരെയും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഞായറാഴ്ച ബിഹാര്‍ ഘടകത്തിലെ ഒരുവിഭാഗം നേതാക്കള്‍ കനയ്യ കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്നെ ബിഹാര്‍ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, ഈ ആവശ്യങ്ങളോട് പാര്‍ട്ടി അനുഭാവ നിലപാട് സ്വീകരിച്ചിട്ടില്ല. ഇത്തരത്തില്‍ ഒരാവശ്യം ഇതിന് മുന്‍പ് ആരും വെച്ചിട്ടില്ലെന്നും ആര്‍ക്ക് എന്ത് സ്ഥാനം നല്‍കണമെന്ന് തീരുമാനിക്കുന്നത് നേതൃത്വമാണെന്നും പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കാത്ത ഒരു നേതാവ് പറഞ്ഞു.

തനിക്കൊപ്പം കനയ്യ കുമാറും നാളെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനി പറഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച് കനയ്യയുടെയോ കോണ്‍ഗ്രസിന്റെയോ ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com