എവിടെനിന്നും എളുപ്പം ചികിത്സ, രോഗവിവരങ്ങള്‍ സുരക്ഷിതം, സവിശേഷ ഹെല്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ്; ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് തുടക്കമിട്ട് മോദി, അറിയേണ്ടതെല്ലാം 

കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിനത്തിലാണ് ആരോഗ്യമേഖലയെ കൂടുതല്‍ ഡിജിറ്റല്‍വത്കരിച്ച് ജനങ്ങളിലേക്ക് കൂടുതല്‍ സേവനം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി മോദി പ്രഖ്യാപിച്ചത്
പ്രധാനമന്ത്രി നരേന്ദ്രമോദി, എഎന്‍ഐ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി, എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കുമുള്ള ചികിത്സാരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചികിത്സാരംഗം ഡിജിറ്റല്‍വത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ വഴി രാജ്യത്തെ ഏതു ആശുപത്രിയില്‍ നിന്നും മെച്ചപ്പെട്ട ചികിത്സ രോഗിക്ക് തേടാന്‍ സാധിക്കും. രോഗികളെ രാജ്യത്തെ ആശുപത്രികളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പ്ലാറ്റ്ഫോമാണ് ഇതിലൂടെ യാഥാര്‍ഥ്യമായതെന്നും പ്രധാനമന്ത്രി നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍  പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് മോദി പറഞ്ഞു.

ലോകത്ത് ഒരിടത്തും ഇന്ത്യയെ പോലെ ഇത്രയും വലിയ ഡിജിറ്റല്‍ സംവിധാനം നിലവിലില്ല. രാജ്യത്ത് 118 കോടി ജനങ്ങളാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. യുപിഐ സംവിധാനം സാധാരണക്കാരുടെ ഇടയില്‍ വരെ പ്രചാരം നേടി. 80 കോടി ജനങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 43 കോടി ജന്‍ ധന്‍ അക്കൗണ്ടുകള്‍ രാജ്യത്ത് ഉണ്ട്. ഇത്രയും വലിയ ഡിജിറ്റല്‍ സംവിധാനം ലോകത്ത് ഒരിടത്തും ഇല്ലെന്ന് മോദി പറഞ്ഞു.

കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിനത്തിലാണ്് ആരോഗ്യമേഖലയെ കൂടുതല്‍ ഡിജിറ്റല്‍വത്കരിച്ച് ജനങ്ങളിലേക്ക് കൂടുതല്‍ സേവനം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി മോദി പ്രഖ്യാപിച്ചത്. നിലവില്‍ ആറു കേന്ദ്രഭരണപ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയാണ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒരു പൗരന്റെ ആരോഗ്യപരമായ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുകയാണ് പുതിയ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ അതിവേഗത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍, പൗരന്റെ ആരോഗ്യപരമായ വിവരങ്ങള്‍ അടക്കം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിന് രൂപം നല്‍കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതുവഴി പൗരന്മാര്‍ക്ക് തന്നെ തങ്ങളുടെ ആരോഗ്യപരമായ വിവരങ്ങള്‍ സുരക്ഷിതമായി അപ് ലോഡ് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ഏത് കോണില്‍ നിന്ന് കൊണ്ടും ഡോക്ടര്‍മാരുടെ സേവനം തേടാന്‍ സാധിക്കും. പൗരന്മാരുടെ അനുമതിയോട് കൂടി മാത്രം ഡോക്ടര്‍മാര്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

പുതിയ പദ്ധതിയുടെ ഭാഗമായി സവിശേഷ ഹെല്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നി വിശദാംശങ്ങള്‍ ചേര്‍ക്കുന്ന മുറയ്ക്ക് തന്നെ ഹെല്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്ന വിധമാണ് ക്രമീകരണം ഒരുക്കിയത്. ഹെല്‍ത്ത് അക്കൗണ്ട് എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. ഇതില്‍ രോഗവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ലഭ്യമാക്കും. മൊബൈല്‍ ആപ്പ് വഴി ഇത് ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാനുള്ള സംവിധാനവും ഇതില്‍ ക്രമീകരിക്കും. ഇതിന് പുറമേ അലോപ്പതി, പരമ്പരാഗത ചികിത്സാരീതികള്‍ പിന്തുടരുന്ന ഡോക്ടര്‍മാരുടെ പട്ടികയും ഇതില്‍ ഉണ്ടായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com