കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും ; ചടങ്ങില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞാണ് പാര്‍ട്ടി വിടുന്നത്
ജിഗ്നേഷ് മേവാനി, കനയ്യ കുമാര്‍ / ഫയല്‍ ചിത്രം
ജിഗ്നേഷ് മേവാനി, കനയ്യ കുമാര്‍ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിലാകും ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 

ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും പങ്കെടുക്കും. ഇരുനേതാക്കളും ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. പിന്നീട് ഭഗത് സിങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 28 കോണ്‍ഗ്രസ് പ്രവേശനത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. 

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞാണ് പാര്‍ട്ടി വിടുന്നത്. കനയ്യക്കൊപ്പം അനുയായികളും കോണ്‍ഗ്രസില്‍ ചേരും. സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തില്‍ ഗുണമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 

ദളിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തില്‍ മേവാനിയുടെ വരവ് സഹായകമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജിഗ്നേഷ് മേവാനിയുമായി സഹകരിച്ചിരുന്നു. മേവാനി മത്സരിച്ച വഡ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. നേരത്തെ പഞ്ചാബിലെ നേതൃമാറ്റത്തില്‍ അടക്കം കോണ്‍ഗ്രസിനെ പ്രശംസിച്ചുകൊണ്ട് ജിഗ്‌നേഷ് മേവാനി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com