പ്രൈമറി ക്ലാസ്സുകൾ ആദ്യം ; സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഐസിഎംആര്‍

സ്കൂളുകളിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാവുന്നതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ( ഐസിഎംആര്‍). എന്നാല്‍ വിവിധ തലത്തിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കേണ്ടതാണ്. ആദ്യം പ്രൈമറി ക്ലാസ്സുകള്‍, പിന്നാലെ സെക്കന്‍ഡറി ക്ലാസ്സുകള്‍ എന്ന തരത്തില്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കാമെന്നും ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സ്കൂളുകളിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണം. പ്രായഭേദമന്യേ എല്ലാവരും മാസ്ക്, സാനിറ്റൈസർ ഉപയോഗവും അകലം പാലിക്കലും തുടരണം. 2021 ജൂണിൽ ഇന്ത്യയിൽ നടന്ന കോവിഡ് -19-ദേശീയ സെറോസർവേയുടെ നാലാം റൗണ്ട് ഫലം  ആറ് -17 വയസ് പ്രായമുള്ള കുട്ടികളിൽ പകുതിയിലധികം പേരും സെറോപോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തിയതായി ഐസിഎംആർ അഭിപ്രായപ്പെട്ടു.  

ഒന്നു മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ കൊറോണ വൈറസ് നേരിയ തോതിൽ ബാധിച്ചേക്കാമെന്നാണ് ലഭ്യമായ തെളിവുകളിൽനിന്നു മനസ്സിലാകുന്നത്. എന്നാൽ, കുട്ടികളിൽ രോഗബാധ ഗുരുതരമാകില്ല. മരണനിരക്കും കുറവാണെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ കോവിഡിനു മുൻപുണ്ടായിരുന്നതു പോലെ വിവേകപൂർവം സ്കൂളുകൾക്കു പ്രവർത്തിക്കാമെന്ന് ‘ദി ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച്’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. 

ഇന്ത്യയിൽ 500 ദിവസത്തിലേറെയായി സ്കൂളുകൾ അടച്ചിട്ടിരിക്കുന്നത് 320 ദശലക്ഷം കുട്ടികളുടെ പഠനത്തെ ബാധിച്ചെന്ന യുനെസ്കോ റിപ്പോർട്ടും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഓൺലൈൻ പഠനം വിദ്യാർഥികൾക്കിടയിൽ അസമത്വം സൃഷ്ടിച്ചെന്നും താണു ആനന്ദ്, ബൽറാം ഭാർഗവ, സമിരൻ പാണ്ഡ എന്നിവർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സ്കൂളുകൾ തുറക്കാത്തതു മൂലം സാമൂഹിക ഇടപെടൽ, കായികമായ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുമായുള്ള സൗഹൃദം എന്നിവയെല്ലാം തടസ്സപ്പെട്ടതായി സർവേ സൂചിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com