മുസ്ലിം പെണ്‍കുട്ടി ഹിന്ദു യുവാവിനൊപ്പം പോയി, 66 ദിവസം മിസ്സിങ്; ഒടുവില്‍ കണ്ടെത്തല്‍, അറസ്റ്റ് 

രാജ്യത്ത് പലയിടത്തും ലൗജിഹാദിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ മുസ്ലിംകളെ വിമര്‍ശിക്കുമ്പോഴാണ്, തിരിച്ചുള്ള സംഭവം ത്രിപുരയില്‍ റിപ്പോര്‍ട്ട് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഗര്‍ത്തല: ത്രിപുരയില്‍ ഹിന്ദു യുവാവിനെ വിവാഹം കഴിച്ച ശേഷം കാണാതായ മുസ്ലിം പെണ്‍കുട്ടിയെ രണ്ടു മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ ഒളിപ്പിക്കാന്‍ സഹായിച്ച ഹിന്ദു സംഘടനാ നേതാവ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിനാറുകാരി ഹിന്ദു യുവാവിനൊപ്പം പോയത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. രാജ്യത്ത് പലയിടത്തും ലൗജിഹാദിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ മുസ്ലിംകളെ വിമര്‍ശിക്കുമ്പോഴാണ്, തിരിച്ചുള്ള സംഭവം ത്രിപുരയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചിട്ടും കാര്യമായ അന്വേഷണം നടന്നില്ലെന്നു പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെടലിലാണ് അന്വേഷണം സജീവമായത്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഇരുപത്തിമൂന്നുകാരനൊപ്പമാണ് പോയത്. ജൂലൈ ഇരുപത്തിനാലിനാണ് ഇവരെ കാണാതായത്. പൊലീസ് അന്വേഷണം ഫലപ്രദമല്ലാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി ധരംനഗറില്‍നിന്നു പെണ്‍കുട്ടിയെയും ഒപ്പം ഉണ്ടായിരുന്ന സുമന്‍ സര്‍ക്കാറിനെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരിക്കും തുടര്‍ നടപടി. കുട്ടി രണ്ടു മാസം ഗര്‍ഭിണിയാണെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ മതംമാറ്റിയതായി സൂചനയുണ്ട്.

ഹിന്ദു സംഘടനാ നേതാവായ തപന്‍ ദേബ്‌നാഥ് ഉള്‍പ്പെടെയുള്ളവരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com