പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യ ഘട്ടം ഇന്ന് മുതല്‍; 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് നിരോധനം; പിഴ 50,000 രൂപ വരെ 

ഡിസംബർ 31 മുതലാണ് രണ്ടാംഘട്ടം. ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം


ന്യൂഡൽഹി: രാജ്യത്ത്‌ പ്ളാസ്റ്റിക്‌ നിരോധനം ഇന്നുമുതൽ നിലവിൽ വരും. 2022 ജൂലായ് ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് നിരോധിക്കും. ഇതിന്റെ ആദ്യഘട്ടമാണ് ഇന്ന് മുതൽ നടപ്പിലാവുന്നത്. ഡിസംബർ 31 മുതലാണ് രണ്ടാംഘട്ടം. ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല.

75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾ, 60 ഗ്രാം പെർ സ്ക്വയർ മീറ്ററിൽ കുറഞ്ഞ നോൺ-വൂവൺ ബാഗുകൾ എന്നിവയ്ക്കാണ് ആദ്യ ഘട്ടത്തില്‍ നിരോധനം വരുന്നത്. ആദ്യതവണ നിയമലംഘനത്തിന് ശിക്ഷിക്കപ്പെടുന്നവർക്ക് പിഴ 10,000 രൂപയാണ്. ആവർത്തിച്ചാൽ 25,000 രൂപ പിഴ നൽകണം. തുടർന്നുള്ള ലംഘനത്തിന് 50,000 രൂപയാണ് പിഴ. നിയമലംഘനം തുടർന്നാൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും. വീണ്ടും പ്രവർത്തനാനുമതി ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിതകാലത്തേക്ക് നിരാകരിക്കും.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേരളത്തിൽ നേരത്തെ തന്നെ നിരോധിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് അവ ഇപ്പോഴും സുലഭമായി ലഭിക്കുന്ന സാഹചര്യമാണുള്ളത്. 2020 ജനുവരി ഒന്നുമുതലായിരുന്നു  നിരോധനം. ആദ്യം പരിശോധന കർശനമായിരുന്നെങ്കിലും പിന്നീട് പിന്നോട്ട് പോയി.

സംസ്ഥാനത്ത് നോൺ-വൂവൺ കാരി ബാഗുകൾ ഉൾപ്പെടെ 120 മൈക്രോണിൽ താഴെയുള്ളവ പൂർണമായി നിരോധിച്ചിരുന്നു. എന്നാൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ മാലിന്യം കൈകാര്യംചെയ്യാനും മറ്റുമായി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ടി വന്നതോടെ നിരോധനം പാളി.

നിരോധിച്ച വസ്തുക്കൾ ഇവയാണ്; പ്ലാസ്റ്റിക് കാരിബാഗ്, സ്റ്റെറോഫോം, തെർമോകോൾ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാരവസ്തുക്കൾ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള കടലാസ് കപ്പുകൾ, പ്ലേറ്റുകൾ, ബൗൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലേറ്റുകൾ, പ്ലാസ്റ്റിക് കപ്പുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ഡിഷുകൾ, ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടികൾ, മേശയിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, 500 മില്ലീ ലിറ്ററിന് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ, പി.വി.സി. ഫ്ളെക്സ് മെറ്റീരിയൽസ്, പ്ലാസ്റ്റിക് പാക്കറ്റ്,പ്ലാസ്റ്റിക് ഗാർബേജ് ബാഗ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com