ബോറിസ് ജോണ്‍സണ്‍- നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന്; യുക്രൈന്‍ യുദ്ധവും റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങലും ചര്‍ച്ചയായേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd April 2022 07:28 AM |
Last Updated: 22nd April 2022 07:28 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യു കെ സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനായുള്ള രൂപരേഖ, റഷ്യ-യുക്രൈന്‍ യുദ്ധം, റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍, തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഇരുരാജ്യങ്ങളിലെയും വ്യാപാര സാദ്ധ്യതകള്‍ ഉറപ്പിക്കുന്ന ധാരണകളുമുണ്ടാകും. സ്വതന്ത്ര വ്യാപാര കരാര്‍ ജനുവരിയില്‍ നിലവില്‍ വന്നിരുന്നു. വിപണികളില്‍ ഇടപെടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ധാരണയാകാനുണ്ട്. ആത്മനിര്‍ഭര്‍ പദ്ധതിയില്‍ പ്രതിരോധ നിര്‍മ്മാണ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടന് താത്പര്യമുണ്ട്.
പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റവും ചര്‍ച്ചയാകും. ആരോഗ്യമേഖലയിലെ സഹകരണവും വര്‍ദ്ധിപ്പിക്കും. ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ സഹകരണവും സമുദ്ര സുരക്ഷാ സഹകരണവും ശക്തിപ്പെടുത്തും.
ഇന്ത്യയില്‍ നിന്നുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ബ്രിട്ടന്‍ ലക്ഷ്യമിടുന്നു. വിജയ് മല്യ, നീരവ് മോദി തുടങ്ങി സാമ്പത്തിക കുറ്റവാളികളെ കൈമാറാനുള്ള നടപടി വേഗത്തിലാക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കും.
രാഷ്ട്രപതി ഭവനില്‍ ബോറിസ് ജോണ്‍സണ് ഗാര്‍ഡ് ഓഫ് ഓണറും നല്‍കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. നേരത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം രണ്ടു തവണയും മാറ്റിവെക്കുകയായിരുന്നു.
ഇന്നലെ ഗുജറാത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാലോളിലെ ജെസിബി ഫാക്ടറി സന്ദര്‍ശിച്ചു. ഫാക്ടറിയിലെ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്ത അദ്ദേഹം പ്രദര്‍ശത്തിന് സജ്ജമാക്കിയ ജെസിബിയില്‍ കയറി മാധ്യമങ്ങള്‍ക്ക് നേരേ കൈവീശി കാണിക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശനം നടത്തി. അദാനി ഗ്രൂപ്പ് ആസ്ഥാനത്തെത്തിയ അദ്ദേഹം അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ വാർത്ത വായിക്കാം
5 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ