വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നീക്കവുമായി റെയില്‍വേ; 42 പാസഞ്ചര്‍ ട്രെയിനുകള്‍ അനിശ്ചിതകാലത്തേയ്ക്ക് റദ്ദാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th April 2022 02:27 PM |
Last Updated: 29th April 2022 02:27 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ നടപടി സ്വീകരിച്ച് ഇന്ത്യന്‍ റെയില്‍വേ. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി വേഗത്തില്‍ എത്തിക്കുന്നതിന് രാജ്യത്തൊട്ടാകെ 42 പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. യാതൊരുവിധ തടസ്സങ്ങളും കൂടാതെ ഗുഡ്‌സ് ട്രെയിനുകള്‍ വേഗത്തില്‍ ഓടിച്ച് താപനിലയങ്ങളിലെ കല്‍ക്കരി ക്ഷാമത്തിന് പരിഹാരം കാണാനാണ് റെയില്‍വേ ശ്രമിക്കുന്നത്.
അനിശ്ചിതകാലത്തേയ്ക്കാണ് 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി. കല്‍ക്കരി ഖനികളില്‍ നിന്ന് വിതരണത്തിന് എത്തിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി.
സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഗുഡ്‌സ് ട്രെയിനുകള്‍ താപവൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് തീരുമാനം. യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.
സ്ഥിതിഗതികള്‍ സാധാരണനിലയിലാകുന്ന മുറയ്ക്ക് പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കും. രാജ്യത്തെ പല സംസ്ഥാനങ്ങളും കല്‍ക്കരി ക്ഷാമം നേരിടുകയാണ്. വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കഴിയാതെ വന്നാല്‍ മെട്രോയെ അടക്കം ബാധിച്ചേക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കാം
രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍, ഡല്‍ഹിയില്‍ മെട്രോ മുടങ്ങിയേക്കും; പലയിടത്തും മണിക്കൂറുകളോളം പവര്‍ കട്ട്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ