'ഇത് അപകടകരം'; സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍, ഇഡി വിധിക്ക് അല്‍പ്പായുസ്സെന്ന് പ്രതീക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 04:58 PM  |  

Last Updated: 03rd August 2022 04:58 PM  |   A+A-   |  

opposition_leaders

സോണിയയും യെച്ചൂരിയും അടക്കമുള്ള നേതാക്കള്‍/ ഫയല്‍

 

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുള്ള വിശാല അധികാരങ്ങള്‍ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍. സുപ്രീംകോടതിയുടെ വിധി അപകടകരമെന്ന് 17 പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും പ്രസ്താവന ആശങ്കപ്പെടുന്നു. 

അപകടകരമായ വിധിക്ക് ഹ്രസ്വായുസ്സായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഭരണഘടനാ വ്യവസ്ഥകള്‍ നിലനില്‍ക്കുമെന്നും പ്രസ്താവനയില്‍ പാര്‍ട്ടികള്‍ പറയുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, സിപിഎം, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, തുടങ്ങിയ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്. 

ജൂലൈ 27 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇഡിയുടെ വിശാല അധികാരങ്ങള്‍ പലതും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരം സുപ്രീംകോടതി ശരിവച്ചു. 

അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴിലുള്ള അറസ്റ്റ് ചെയ്യല്‍-സെക്ഷന്‍ 5, കണ്ടുകെട്ടല്‍ -സെക്ഷന്‍ 8(4), പരിശോധന നടത്തല്‍-സെക്ഷന്‍ 15, പിടിച്ചെടുക്കല്‍-സെക്ഷന്‍ 17,19 എന്നീ വകുപ്പുകള്‍ക്കുള്ള ഭരണഘടനാസാധുത സുപ്രീംകോടതി ശരിവച്ചു. 

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനായുള്ള വ്യവസ്ഥകളും കോടതി ശരിവച്ചു. ഇഡി ഓഫീസര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരെല്ലെന്നും അതിനാല്‍ ഇവര്‍ സെക്ഷന്‍ 50 പ്രകാരം രേഖപ്പെടുത്തുന്ന മൊഴി ഭരണഘടയുടെ ആര്‍ട്ടിക്കള്‍ 20(3)ന്റെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. 

എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) എഫ്‌ഐആറിന് സമമല്ലെന്നും ഇത് ഇഡിയുടെ ഇന്റേണല്‍ ഡോക്യുമെന്റ് മാത്രമാണെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആറുമായി ബന്ധപ്പെട്ട സിആര്‍പിസി വ്യവസ്ഥകള്‍ ഇസിഐആറിന് ബാധകമല്ല. കേസില്‍ പ്രതി ചേര്‍ത്തയാള്‍ക്ക് ഇസിഐആര്‍ നല്‍കണമെന്നത് നിര്‍ബന്ധമല്ല. എന്നാല്‍ വ്യക്തികള്‍ക്ക് കോടതിയെ സമീപിച്ച് ഇത് ആവശ്യപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകം: അന്വഷണം ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ