തമിഴ്‌നാട്ടില്‍ അണക്കെട്ടുകളെല്ലാം നിറഞ്ഞു; 10 ഡാമുകളില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നു

മേട്ടൂര്‍, വീരാനാം, ഗുണ്ടൂര്‍ തുടങ്ങി 10 അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞ നിലയിലാണ്
മേട്ടൂര്‍ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടപ്പോള്‍/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
മേട്ടൂര്‍ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടപ്പോള്‍/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

ചെന്നൈ: കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളെല്ലാം സംഭരണശേഷിയുടെ 86.74 ശതമാനം എത്തിയതായി തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായതോടെയാണ് ഡാമുകളെല്ലാം സംഭരണശേഷിയുടെ പരമാവധിയിലേക്കെത്തിയത്. സംസ്ഥാനത്തെ 90 ഡാമുകളും സംഭരണശേഷിയുടെ 90 ശതമാനത്തിനടുത്ത് എത്തിയതായായാണ് ജലവിഭവ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

മേട്ടൂര്‍, വീരാനാം, ഗുണ്ടൂര്‍ തുടങ്ങി 10 അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞ നിലയിലാണ്. വൃഷ്ടിപ്രദേശത്തെ കനത്തമഴയും കാവേരി നദിയില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതുമാണ് ഈ അണക്കെട്ടുകള്‍ നിറയാനിടയാക്കിയത്. ഇതേത്തുടര്‍ന്ന് ഈ ഡാമുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. 

ശേഷിക്കുന്ന അണക്കെട്ടുകളെല്ലാം 70 മുതല്‍ 90 ശതമാനം വരെ വെള്ളം നിറഞ്ഞിരിക്കുകയാണ്. ജലവിഭവ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 224.297 tmcft ( ആയിരം ദശലക്ഷം ക്യൂബിക് അടി) ആണ് ആകെ അണക്കെട്ടുകളുടെ കപ്പാസിറ്റി. ഇതില്‍ 194.55 tmcft ഇപ്പോള്‍ തന്നെ നിറഞ്ഞിരിക്കുകയാണ്. കര്‍ണാടകയുമായുള്ള ജലക്കരാര്‍ അനുസരിച്ച് സ്വീകരിക്കേണ്ട വെള്ളത്തിന്റെ അളവിന്റെ മൂന്നിരട്ടിയാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ സ്വീകരിച്ചതെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചു. 

മേട്ടൂര്‍ അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നതോടെ സേലം, ഈറോഡ് തുടങ്ങിയ ജില്ലകളിലെ താഴ്ന്ന പ്രദേശളില്‍ വെള്ളം കയറി. ഇവിടുത്തെ ജനങ്ങളെ ദുരിതാസ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നാമക്കല്‍, തിരുച്ചി, കാരൂര്‍, തഞ്ചാവൂര്‍ ജില്ലകളിലും കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായി. കൊള്ളിഡാം നിറഞ്ഞതിനെത്തുടര്‍ന്ന് തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com