ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്ക്; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2022 06:56 AM  |  

Last Updated: 10th August 2022 06:56 AM  |   A+A-   |  

nitish

നിതീഷ് കുമാറും തേജസ്വി യാദവും/ പിടിഐ

 

പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ചുമതലയേല്‍ക്കും. എട്ടാം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.

ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ആർ ജെ ഡി തള്ളി. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനു നല്‍കിയേക്കും. ആഭ്യന്തര വകുപ്പ് വേണമെന്ന് തേജസ്വി യാദവ് കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ്, ഇടത് പാർട്ടികൾ, മറ്റ് ചെറുകക്ഷികൾ എന്നിവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.

ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാഗഡ്ബന്ധന്റെ നിയമസഭ കക്ഷി നേതാവായി നിതീഷ് കുമാറിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ വൈകീട്ട് ഗവര്‍ണര്‍ ഫഗു ചൗഹാനെ സന്ദര്‍ശിച്ച് രാജിക്കത്തു നല്‍കി. തുടർന്ന് പ്രതിപക്ഷമഹാസഖ്യത്തിന്റെ ക്യാമ്പായ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിയുടെ വീട്ടിലേക്കു പോയ നിതീഷ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, കോണ്‍ഗ്രസ്, ഇടതുനേതാക്കളുമായി ചർച്ച നടത്തി. 

മഹാസഖ്യത്തിന്റെ നേതാക്കള്‍ക്കൊപ്പം നിതീഷ് വീണ്ടും ഗവര്‍ണറുടെ വസതിയിലെത്തി പുതിയ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം രാജ്ഭവനിലെത്തിയ നിതീഷ് കുമാര്‍ പിന്തുണയ്ക്കുന്ന 164 എംഎല്‍എമാരുടെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി. എംഎല്‍എമാരുടെ പേരുവിവരങ്ങളും സമര്‍പ്പിച്ചു. 242 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്.

നിലവിലെ നിയമസഭ സ്പീക്കർ വിജയ് കുമാർ സിൻഹയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് വിശാല സഖ്യം നോട്ടീസ് നൽകും.  മഹാസഖ്യ യോഗത്തിലാണ് തീരുമാനം. ബി ജെ പി എം എൽ എയാണ് സ്പീക്കറായ വിജയ് കുമാർ സിൻഹ. അതേ സമയം ബി ജെ പി സംസ്ഥാനത്ത് ഇന്ന് വഞ്ചനാദിനം ആചരിക്കും. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാർ വഞ്ചന കാട്ടിയെന്ന ആക്ഷേപവുമായി ജില്ലാ തലങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. പ്രചാരണം താഴേ തട്ടിലെത്തിക്കാൻ നാളെ ബ്ലോക്ക് തലങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വന്തമായി 45 എംഎല്‍എമാര്‍, ഒപ്പം ചേരുന്നത് 120; സോഷ്യലിസ്റ്റ് പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ നിതീഷ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ