പ്രചാരണസമിതി ചെയര്‍മാനായി നിയമിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ച് ഗുലാം നബി ആസാദ്

ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണമെങ്കിലും, സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന.
ഗുലാം നബി ആസാദ്/ ഫയല്‍
ഗുലാം നബി ആസാദ്/ ഫയല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ജമ്മുകശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു. ജമ്മുകശ്മീരിന്റെ കോണ്‍ഗ്രസ് പ്രചാരണസമിതി ചെയര്‍മാനായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഗുലാംനബിയുടെ രാജി.  ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണമെങ്കിലും, സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന.

പാര്‍ട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി അംഗമായ തന്നെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനമെന്ന നിലപാടിനെ തുടര്‍ന്നാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ജമ്മു കശ്മീരിലെ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ അവഗണിച്ച് പുതുതായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ തൃപ്തനല്ലാത്തതിനാലാണ് ഗുലാം നബി ആസാദ് സ്ഥാനം രാജിവച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വനി ഹണ്ട പ്രതികരിച്ചു.

മുഖ്യമന്ത്രി പദവിയും, കേന്ദ്രമന്ത്രി സ്ഥാനങ്ങളും ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തത്തിന് നന്ദി പറഞ്ഞ ഗുലാം നബി ആസാദ്, ആരോഗ്യ കാരണങ്ങള്‍ കാരണം സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഗുലാം നബി ആസാദിന്റെ അടുത്ത അനുയായി ഗുലാം ആഹമ്മദ് മിറിനെ പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ ഘടകം മേധാവി സ്ഥാനത്തു നിന്ന് തരംതാഴ്ത്തിയതിന് തൊട്ടുപിന്നാലെയാണ് ആസാദിന്റെ രാജി. മിര്‍ കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞിരുന്നു. മിറിന് പകരം വികാര്‍ റസൂല്‍ വാനിയെയാണ് പാര്‍ട്ടി നിയമിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com