2600 കിടക്കകള്‍; രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി; ഫരീദാബാദിലെ 'അമൃത' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; വീഡിയോ

ഉദ്ഘാടനച്ചടങ്ങില്‍ ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മാതാ അമൃതാന്ദമയി തുടങ്ങിയവര്‍ പങ്കെടുത്തു
ഫരീദാബാദിലെ ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
ഫരീദാബാദിലെ ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

ഫരീദാബാദ്: സമ്പൂര്‍ണ ഓട്ടാമാറ്റഡ് ലാബോറട്ടറി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ച 2,600 കിടക്കകളുള്ള ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദ് സെക്ടര്‍ 88-ല്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മാതാ അമൃതാന്ദമയി തുടങ്ങിയവര്‍ പങ്കെടുത്തു.

മെഡിക്കല്‍ സൗകര്യങ്ങള്‍ക്കും രോഗികളുടെ ആവശ്യങ്ങള്‍ക്കുമായി 14 നിലകളുള്ള ടവര്‍ ഉള്‍പ്പടെ ആകെ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണമാണ് പുതിയ ആശുപത്രിക്കുള്ളത്. ആകെ 81 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുണ്ടാകും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹൃദ്രോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, അര്‍ബുദരോഗ നിര്‍ണയ-തെറാപ്പി ഇന്‍സ്റ്റിറ്റ്യൂട്ട്, അവയവമാറ്റിവെക്കല്‍ സെന്ററുകള്‍, അപസ്മാര ചികിത്സയ്ക്കും ന്യൂറോ സയന്‍സിനുമായി പ്രത്യേക അത്യാധുനിക സെന്റര്‍, പ്രമേഹ ഇന്‍സ്റ്റിറ്റ്യൂട്ട്, കരള്‍ രോഗനിര്‍ണയ-ചികിത്സാ സെന്റര്‍, റോബോട്ടിക് സര്‍ജറി സെന്റര്‍, തീപ്പൊള്ളല്‍ വിഭാഗം, അസ്ഥി-സന്ധി രോഗ വിഭാഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള പ്രത്യേക ചികിത്സാ - അവയവമാറ്റിവെക്കല്‍ വിഭാഗം, നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് പ്രത്യേക അത്യാധുനിക യൂണിറ്റ് തുടങ്ങിയ വിഭാഗങ്ങളുണ്ടാകും.

ഓരോ വിഭാഗത്തിലും പ്രത്യേക ശിശുരോഗവിഭാഗവും പ്രവര്‍ത്തിക്കും. കൂടാതെ, 534 ക്രിട്ടിക്കല്‍ കെയര്‍ കിടക്കകളോടുകൂടിയ അത്യാധുനിക യൂണിറ്റ്, 64 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, റോബോട്ടിക് ലബോറട്ടറി, ഒന്‍പത് കാത്ത് ലാബുകള്‍, സ്മാര്‍ട്ട് ക്ലിനിക്കല്‍ ലാബ്, പത്ത് റേഡിയേഷന്‍ ഓങ്കോളജി ബങ്കറുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 500 കിടക്കകളാകും പ്രവര്‍ത്തനസജ്ജമാവുക. അമൃത വിശ്വവിദ്യാപീഠ സര്‍വകലാശാലയുടെ എട്ടാം കാമ്പസും ആശുപത്രിയോട് ചേര്‍ന്നുണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com