എന്നെ ചീത്തവിളിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ മത്സരം; വോട്ടുകൊണ്ട് മറുപടി നല്‍കണം; നരേന്ദ്രമോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 02:58 PM  |  

Last Updated: 01st December 2022 02:59 PM  |   A+A-   |  

narendra_modi

നരേന്ദ്രമോദി ഗുജറാത്തിലെ കാലോലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നു/ പിടിഐ

 

അഹമ്മദാബാദ്:  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ രാവണന്‍ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ അധിക്ഷേപിക്കാനും, തനിക്കെതിരെ മോശം പരാമര്‍ശം നടത്താനും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ മത്സരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കാലോലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. 

ജനങ്ങള്‍ ബിജെപിക്ക് വോട്ടുനല്‍കി കോണ്‍ഗ്രസ് നേതാക്കളെ പാഠം പഠിപ്പിക്കണമെന്ന് മോദി പറഞ്ഞു. അഹമ്മദാബാദിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഖാര്‍ഗെയുടെ രാവണന്‍ പരാമര്‍ശം. എല്ലാ തെരഞ്ഞടുപ്പുകളിലും മോദിയുടെ ചിത്രമാണ് കാണുന്നത്. മോദിയെന്താ നൂറ് തലയുള്ള രാവണനാണോയെന്നും ഖാര്‍ഗെ ചോദിച്ചു. താന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഖാര്‍ഗെ. പക്ഷേ അദ്ദേഹം ഹൈക്കമാന്‍ഡിന്റെ ഉത്തരവുകള്‍ പാലിക്കണം. മോദിക്ക് രാവണനെ പോലെ നൂറ് തലയുണ്ടെന്ന് പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്നാല്‍ ഗുജറാത്ത് രാമഭക്തരുടെ ഭൂമിയാണെന്നത് അദ്ദേഹം മറന്നുപോയി. ശ്രീരാമനെ ഒരിക്കലും വിശ്വസിക്കാത്തവര്‍ ഇപ്പോള്‍ രാമായണത്തില്‍ നിന്ന് രാവണനെ കൊണ്ടുവന്നത് തന്നെ അധിക്ഷേപിക്കാന്‍ വേണ്ടി മാത്രമാണെന്നും മോദി പറഞ്ഞു.  

ഇത്രയേറെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ അതില്‍ ഖേദം പ്രകടിപ്പിക്കാത്തതില്‍ താന്‍ ആശ്ചര്യപ്പെടുന്നു. മോദിയെ അധിക്ഷേപിക്കുന്തും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കുന്നതും തങ്ങളുടെ അവകാശമാണെന്ന് അവര്‍ കരുതുന്നതായും മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ കൂറ് ജനാധിപത്യത്തോടല്ല, ഒരു കുടുംബത്തോട് മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ആവര്‍ക്ക് ആ കുടുംബമാണ് എല്ലാം. അവരെ സന്തോഷിപ്പിക്കാന്‍ അവര്‍ എന്തും ചെയ്യും. മോദിക്കെതിരെ ഏറ്റവും മോശം പരാമര്‍ശം നടത്തുന്നതില്‍ അവര്‍ തമ്മില്‍ മത്സരിക്കുകയാണെന്നും മോദി പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് മോദിയുടേത് നായയുടേത് പോലുള്ള മരണമായിരിക്കുമെന്നാണ്. മറ്റൊരാള്‍ പറഞ്ഞു മോദിയുടെ മരണം ഹിറ്റ്‌ലറുടേത് പോലെയായിരിക്കുമെന്ന്. തനിക്ക് അവസരം ലഭിച്ചാല്‍ താന്‍ തന്നെ മോദിയെ കൊല്ലുമെന്ന് വേറൊരാള്‍ പറഞ്ഞു. ചിലര്‍ രാവണനെന്നും രാക്ഷസനെന്നും വിളിച്ചു. ഈ നാട്ടിലെ ജനങ്ങളാല്‍ വളര്‍ത്തപ്പെട്ടതിനാല്‍ ഗുജറാത്തിനെയും ഇവിടെയുള്ളവരെയും അപമാനിക്കാനാണ് ഇത്തരം അധിക്ഷേപ വാക്കുകള്‍ അവര്‍ ഉപയോഗിക്കുന്നത്. അവരെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു വഴിയേ ഉള്ളൂ. ഡിസംബര്‍ 5 ന് എല്ലാവരും താമരയ്ക്ക് വോട്ടു ചെയ്യുക മോദി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ‌ 

ഇന്ത്യ ജി-20 അധ്യക്ഷ പദവിയില്‍, ചരിത്ര മുഹൂര്‍ത്തം; 100 ദേശീയ സ്മാരകങ്ങളില്‍ ലോഗോ പ്രകാശനം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ