'അങ്ങനെയെങ്കില്‍ ഒരൊറ്റ ഹിന്ദു പോലും രാജ്യത്ത് ശേഷിക്കില്ലായിരുന്നു'- വിവാദ പരാമര്‍ശവുമായി മുന്‍ ജഡ്ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 01:18 PM  |  

Last Updated: 02nd December 2022 02:00 PM  |   A+A-   |  

VASANTHA

ഫോട്ടോ: ട്വിറ്റർ

 

ബംഗളൂരു: മുഗള്‍ ഭരണ കാലത്ത് ഇന്ത്യയില്‍ നില്‍ക്കാന്‍ അന്നത്തെ മുസ്ലിം ഭരണാധികാരികള്‍ അനുദവിച്ചതിനാലാണ് ഹിന്ദുക്കള്‍ അതിജീവിക്കാന്‍ കാരണമെന്ന വിവാദ പരാമര്‍ശവുമായി കര്‍ണാടക മുന്‍ ജില്ലാ ജഡ്ജി വസന്ത മുളസവലകി. അന്ന് മുസ്ലിങ്ങള്‍ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ഒരു ഹിന്ദു പോലും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

'മുഗള്‍ ഭരണ കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ എല്ലാ ഹിന്ദുക്കളേയും കൊല്ലാമായിരുന്നു. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുസ്ലിങ്ങള്‍ ഇപ്പോഴും ന്യൂനപക്ഷമായി തുടരുകയാണ്'- മുന്‍ ജഡ്ജി വ്യക്തമാക്കി. 

കര്‍ണാടകയിലെ വിജയപുര സിറ്റിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയാണ് മുന്‍ ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഭരണഘടാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടോ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. 

'മുസ്ലിങ്ങള്‍ അതു ചെയ്തു ഇതു ചെയ്തു എന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. അവര്‍ ഒരു കാര്യം മനസിലാക്കേണ്ടത് 700 വര്‍ഷത്തോളം ഇവിടെ മുഗളന്‍മാര്‍ ഭരിച്ചു. ചരിത്രം എന്താണ് അവരെ കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് മനസിലാക്കണം. അക്ബര്‍ ചക്രവര്‍ത്തിയുടെ ഭാര്യ ഹിന്ദുവാണ്. അവര്‍ മതം മാറിയില്ല. ഹിന്ദുവായി തന്നെ തുടര്‍ന്നു. അക്ബര്‍ തന്റെ കൊട്ടാര മുറ്റത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രം പണിതു. ഇപ്പോഴും ആളുകള്‍ക്ക് അവിടെ ദര്‍ശനം നടത്താം.' 

'ശ്രീരാമനും ശ്രീകൃഷ്ണനും എല്ലാം നോവലിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. അവര്‍ ചരിത്ര വ്യക്തിത്വങ്ങള്‍ ഒന്നുമല്ല. അശോക ചക്രവര്‍ത്തി മാത്രമാണ് ചരിത്ര പുരുഷന്‍.' 

'ഉത്തരാഖണ്ഡില്‍ ബുദ്ധന്റെ ചിത്രങ്ങള്‍ ശിവലിംഗത്തില്‍ ചിത്രീകരിച്ച നിലയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബുദ്ധമത വിശ്വാസികള്‍ ഹര്‍ജി നല്‍കിയിരുന്നു. ക്ഷേത്രങ്ങള്‍ മുസ്ലിം പള്ളികളാക്കി എന്നാണ് കരുതപ്പെടുന്നത്. അശോകന്‍ 84,000 ബുദ്ധ വിഹാരങ്ങള്‍ പണിതു എന്നാണ് പറയുന്നത്. അപ്പോള്‍ ആ വിഹാരങ്ങള്‍ക്കൊക്കെ ഇപ്പോള്‍ എന്തു സംഭവിച്ചു. അതൊക്കെ കാലാന്തരത്തില്‍ രൂപം മാറി മറ്റു പലതുമായി. അതൊക്കെ ഇപ്പോള്‍ പ്രശ്‌നമാക്കി മാറ്റാന്‍ സാധിക്കുമോ'- അദ്ദേഹം ചോദിച്ചു. 

ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ വ്യക്തവും കൃത്യവുമാണ്. എന്നാല്‍ അത് നിറവേറ്റപ്പെടുന്നതിലാണ് പ്രശ്‌നങ്ങളുള്ളത്. അതാണ് സംശയം ജനിപ്പിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ യുവതലമുറ ജാഗ്രതയോടെയും സജീവമായും ഇടപെടണം. പള്ളികളും മസ്ജിദുകളും അതേപടി നിലനിര്‍ത്താന്‍ 1999ല്‍  നിയമം നിലവിലുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ജില്ലാ കോടതി പരസ്പര വിരുദ്ധമായ വിധികളാണ് നല്‍കിയതെന്നും അദ്ദേഹം തുറന്നടിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ‌ 

പത്ത് ദിവസം മുൻപ് കാണാതായി; യുവതിയുടെ മൃത​ദേഹം കത്തിക്കരിഞ്ഞ നിലയിൽ വനത്തിൽ; ആൺ സുഹൃത്ത് പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ