ചരിത്ര ഭൂരിപക്ഷം; സത്യപ്രതിജ്ഞ തിങ്കളാഴ്ച; ഗുജറാത്ത് വിജയം ആഘോഷമാക്കാന്‍ ബിജെപി; മോദിയും അമിത് ഷായും പങ്കെടുക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ഗാന്ധിനഗറില്‍ ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദം/പിടിഐ
ഗാന്ധിനഗറില്‍ ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദം/പിടിഐ

അഹമ്മദാബാദ്  : തുടര്‍ഭരണം ഉറപ്പിച്ച ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സത്യാപ്രതിജ്ഞാചടങ്ങില്‍ സംബന്ധിക്കുമെന്ന് ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ അറിയിച്ചു. 

ഗുജറാത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബിജെപി തുടര്‍ഭരണം നേടുന്നത്. ആകെയുള്ള 182 സീറ്റില്‍ 158 സീറ്റിലാണ് ബിജെപി ലീഡ് തുടരുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലേക്ക് ചുരുങ്ങി. ആം ആദ്മി പാര്‍ട്ടി ആഞ്ച് സീറ്റിലും മറ്റുള്ളവര്‍ മൂന്നു സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. തുടര്‍ച്ചയായ ഏഴാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരം നേടുന്നത്. ഇതോടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ റെക്കോഡിനൊപ്പമെത്തി. 

ഗുജറാത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് ബിജെപി കുതിക്കുന്നത്. 1985 ല്‍  മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റെന്ന റെക്കോഡാണ് ബിജെപി മറികടക്കാനൊരുങ്ങുന്നത്. ഗുജറാത്തിലെ ജനവിധി വളരെ വ്യക്തമാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. 

ജനങ്ങള്‍ സംസ്ഥാനത്തെ വികസനയാത്രയ്‌ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി. ജനങ്ങളുടെ തീരുമാനം എളിമയോടെ സ്വീകരിക്കുന്നു. എല്ലാ ബിജെപി പ്രവര്‍ത്തകരും പൊതുജന സേവനത്തിന് പ്രതിബദ്ധരാകണമെന്നും ഭൂപേന്ദ്ര പട്ടേല്‍ അഭിപ്രായപ്പെട്ടു. ബിജെപിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വന്‍വിജയമെന്ന് ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. അടുത്ത 20 വര്‍ഷത്തേക്കുള്ള വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗുജറാത്തില്‍ ബിജെപിയുടെ വമ്പന്‍ കുതിപ്പില്‍ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തുന്ന മോദി ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കു ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തിയാണ് ഗുജറാത്തില്‍ ബിജെപി വോട്ടു തേടിയത്. 30 ലേറെ റാലികളിലാണ് മോദി പ്രസംഗിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com