ഗുജറാത്തില്‍ ബിജെപിക്ക് ഏഴാമൂഴം; ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; മോദിയും അമിത് ഷായും പങ്കെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 07:56 AM  |  

Last Updated: 12th December 2022 07:56 AM  |   A+A-   |  

bhupendra_patel_pti

ഭൂപേന്ദ്ര പട്ടേല്‍/ പിടിഐ

 

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരം നേടുന്നത്. ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായാണ് ഭൂപേന്ദ്ര പട്ടേല്‍ അധികാരമേല്‍ക്കുക.

ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും. പാര്‍ട്ടി കേന്ദ്രനേതാക്കള്‍ക്ക് പുറമെ, ബിജെപി മുഖ്യമന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും.മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഗത്‌ലോഡിയയില്‍ നിന്നും 1.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 60 കാരനായ ഭൂപേന്ദ്ര പട്ടേല്‍ ഇത്തവണ വിജയിച്ചത്.കഴിഞ്ഞദിവസം അഹമ്മദാബാദില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷിയോഗം മുഖ്യമന്ത്രിയായി  ഭൂപേന്ദ്ര പട്ടേലിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. 2021 സെപ്റ്റംബറില്‍ വിജയ് രൂപാണിയുടെ പിന്‍ഗാമിയായിട്ടാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്. 

182 അംഗ നിയമസഭയില്‍ 156 സീറ്റ് നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. 77 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസ് 17 ആയി ചുരുങ്ങി. എഎപിക്ക് അഞ്ച് എംഎല്‍എമാരുണ്ട്. അതേസമയം എഎപിയിലെ ചില എംഎല്‍എമാരെ കൂടി വലയിലാക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇനി ചില്ലറയായി വാങ്ങാമെന്ന് കരുതേണ്ട!; ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാന്‍ കേന്ദ്ര നീക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ