ശ്രദ്ധ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2022 11:10 AM  |  

Last Updated: 26th December 2022 11:10 AM  |   A+A-   |  

afthab_shradha

അഫ്താബ് പൂനെവാല, ശ്രദ്ധ വാല്‍ക്കര്‍/ ഫയല്‍

 

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ എന്ന യുവതിയെ കൊലപ്പെടുത്തി കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ വെച്ച സംഭവത്തില്‍ വഴിത്തിരിവായി പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി അഫ്താബ് പൂനെവാല, കൊല്ലപ്പെട്ട ഗേള്‍ഫ്രണ്ട് ശ്രദ്ധ വാല്‍ക്കറുമായി വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഡല്‍ഹി പൊലീസിന് ലഭിച്ചത്. 

ക്രൂരമായ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിന് പുതിയ തെളിവ് ഏറെ നിര്‍ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 28 കാരനായ അഫ്താബ്, 26 കാരിയായ ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് 300 ലിറ്ററിന്റെ  ഫ്രിഡ്ജില്‍ ആഴ്ചകളോളം തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റൗളിയിലെ വസതിയില്‍ സൂക്ഷിച്ചു. 

പിന്നീട് പല ദിവസങ്ങളിലായി സമീപത്തെ വനപ്രദേശങ്ങളില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചെന്നുമാണ് പൊലീസ് കണ്ടെത്തിയത്. അതിനിടെ കേസിലെ മുഖ്യ പ്രതി അഫ്താബിന്റെ ശബ്ദസാമ്പിള്‍ സിബിഐയുടെ ഫോറന്‍സിക് സംഘം ഇന്ന് പരിശോധിക്കും. ഇതിനായി അഫ്താബ് പൂനെവാലയെ സിബിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. 

കേസില്‍ അറസ്റ്റിലായ അഫ്താബിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. അഫ്താബ് നവംബര്‍ 26 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അഫ്താബിനെ കോടതിയില്‍ ഹാജരാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഷീസാന് മറ്റു സ്ത്രീകളുമായി ബന്ധം, ചതിക്കുകയാണെന്ന് മനസിലാക്കി തുനിഷ'; ലവ് ജിഹാദ് ആരോപണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ